ന്യൂഡല്‍ഹി: പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിക്കുന്നു എന്ന പരാതിയില്‍ ഗൗതം അദാനിക്ക് 25 കോടി രൂപ പിഴ. ഗുജറാത്തിലെ മത്സ്യബന്ധന തൊഴിലാളികള്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ മുമ്പാകെ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഹര്‍ജി സമര്‍പ്പിച്ച കക്ഷികള്‍ക്ക രണ്ട് ലക്ഷം രൂപ വീതം ചെലവ് നല്‍കാനും ട്രൈബ്യൂണല്‍ ഉത്തരവിട്ടു.
ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള ഫാസിറ തുറമുഖമാണ് ചട്ടങ്ങള്‍ ലംഘിച്ചു പ്രവര്‍ത്തിച്ചത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ വിലക്കുകയും ചെയ്തിരുന്നു. ഇതിനെതിരൊണ് തൊഴിലാളികള്‍ രംഗത്തു വന്നത്. ചട്ടലംഘനത്തിലൂടെ നശിപ്പിക്കപെട്ട പരിസ്ഥിതിയുടെ പുനസ്ഥാപനത്തിന് 25 കോടി രൂപ അദാനി നല്‍കണമെന്നാണ് കോടതി വിധി.
തുറമുഖത്തിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തെ നല്‍കിയ പാരിസ്ഥികാനുമതിയും ട്രൈബ്യൂണല്‍ എടുത്തുമാറ്റി.
വിഴിഞ്ഞം പദ്ധതിയുടെ നടത്തിപ്പുകാരായ അദാനി ഗ്രൂപ്പിന് എതിരെ മുമ്പും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി കോടതി നടപടികള്‍ ഉണ്ടായിട്ടുണ്ട്. മാസങ്ങള്‍ക്കു മുമ്പാണ് ഓസ്ട്രലിയന്‍ കോടതി അദാനി ഗ്രൂപ്പിന്റെ വന്‍കിട പദ്ധതിയുടെ പാരിസ്ഥിതികാനുമതി റദ്ദാക്കിയത്.
ഒരു ലക്ഷം കോടി രൂപ ചെലവിട്ട് ഓസ്‌ട്രേലിയയില്‍ സ്ഥാപിക്കാന്‍ നിശ്ചയിച്ച ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി ഖനി പദ്ധതിയുടെ പാരിസ്ഥിതികാനുമതിയാണ് അന്ന് കോടതി റദ്ദാക്കിയിരുന്നത്. അതിനുശേഷം, കോടതി വിധിയെ മറികടന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കമ്പനിക്ക് വീണ്ടും പാരിസ്ഥിതികാനുമതി നല്‍കിയെങ്കിലും ഇതിനെതിരെ അവിടെ വ്യാപക പ്രതിഷേധം നിലനില്‍ക്കുകയാണ്.
അതിനിടെയാണ് സ്വന്തം തട്ടകമായ ഗുജറാത്തില്‍ അദാനി ഗ്രൂപ്പിന് ഈ തിരിച്ചടി ഏല്‍ക്കുന്നത്. ഇന്ത്യയില്‍ അദാനി ഗ്രൂപ്പിന് നേര്‍ക്കുണ്ടായ ഏറ്റവും പ്രധാന കോടതി ഇടപെടലാണ് ഇത്.
നാലാഴ്ചയ്ക്കകം പിഴത്തുക കെട്ടിവെക്കണമെന്ന് ട്രിബ്യൂണല്‍ ഉത്തരവിട്ടു. തുക എന്തു ചെയ്യണമെന്ന ഉത്തരവ് ഉണ്ടാവുന്നത് വരെ പിഴസംഖ്യ പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കും. നഷ്ടപരിഹാരം, തുറമുഖത്തിന്റെ പാരിസ്ഥിതിക പ്രശ്‌ന പരിഹാരം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഈ തുക ഉപയോഗിച്ചേക്കും.
ഇരു കമ്പനികളും രണ്ട് ലക്ഷം രൂപ വീതം പരാതിക്കാര്‍ക്ക് കോടതി നടപടികള്‍ക്ക് നല്‍കാനും ട്രിബ്യൂണല്‍ ഉത്തരവിട്ടു. പിഴ സംഖ്യ നല്‍കിയില്ലെങ്കില്‍, 25 ഹെക്ടര്‍ സ്ഥലത്ത് കമ്പനി നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊളിച്ചു കളയാനും തല്‍സ്ഥിതി പുന:സ്ഥാപിക്കാനും ട്രിബ്യൂണല്‍ ഉത്തരവില്‍ പറയുന്നു