മുംബൈ: കേരളത്തില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന പ്രളയക്കെടുതി വിളിച്ചു വരുത്തിയതാണെന്ന് വ്യക്തമാക്കി പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ രംഗത്ത്.
കേരളത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ആശങ്കാജനകമാണെന്നും വലിയ പേമാരിയാണ് കേരളത്തില്‍ ഉണ്ടാവുന്നതെന്നും എന്നാല്‍ ഇത് കാലവര്‍ഷത്തില്‍ നിന്നുണ്ടായ മനുഷ്യനിര്‍മ്മിത ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു. ഈ ദുരന്തങ്ങള്‍ക്കു കാരണം മഴ പെയ്യുന്നത് മാത്രമല്ലെന്നും ഭൂമിയും മണ്ണും തലതിരിഞ്ഞ രീതിയില്‍ ഉപയോഗിച്ചതാണ് കാരണമെന്നും വിശദമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നുവെന്നും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അംഗീകാരത്തോടെ പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കണമെന്നായിരുന്നു ശുപാര്‍ശയെന്നും എന്നാല്‍ ഒന്നും നടപ്പായില്ലെന്നും’ ഗാഡ്ഗില്‍ വ്യക്തമാക്കി.
വിവിധരാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാരും ഉദ്യോഗസ്ഥരും സാമ്പത്തിക താല്‍പര്യത്തിനായി കൈകോര്‍ത്തെന്നും അവരാണ് യഥാര്‍ത്ഥ ഉത്തരവാദികളെന്നും എന്നാല്‍ സര്‍ക്കാരാണ് ഉത്തരവാദിയെന്ന് ലളിതമായി പറയാനാകില്ലെന്നും സ്ഥാപിത താല്‍പര്യങ്ങള്‍ ഉള്ളവര്‍ ഒന്നിച്ചു. അവരാണ് ഈ ദുരന്തത്തിന് കാരണക്കാരെന്നും അദ്ദേഹം സൂചിപ്പിച്ചു.
ജനങ്ങള്‍ ഇക്കാര്യങ്ങളെല്ലാം പരിശോധിക്കണം. ഇത്തരം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള രാജ്യങ്ങള്‍ സാമ്പത്തികമായി പോലും വികസിച്ചിട്ടുണ്ട്. ജനങ്ങളെ കൂടി ഉള്‍പ്പെടുത്തിയുള്ള പരിസ്ഥിതി സംരക്ഷണം നടക്കുന്നില്ല. ജനങ്ങള്‍ അവരുടെ ജനാധിപത്യ അവകാശങ്ങള്‍ ഉപയോഗിക്കുകയാണ് വേണ്ടത് ഗാഡ്ഗില്‍ കൂട്ടിച്ചേര്‍ത്തു.