തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ താല്പര്യത്തിനനുസരിച്ച് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ ആസൂത്രണം ചെയ്ത ആക്രമണമാണ് രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസില്‍ എസ്എഫ്‌ഐ നടത്തിയതെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍. ജൂണ്‍ 21ന് ഇ.പി ജയരാജന്‍ കല്‍പ്പറ്റയിലെത്തി ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടതുസര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. അന്നുതന്നെ രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെയുള്ള അക്രമം ആസൂത്രണം ചെയ്യുകയും ചെയ്തിരുന്നു. 24-ന് എസ്എഫ്‌ഐക്കാര്‍ അക്രമം നടത്തിയത്. കുട്ടിക്കുരങ്ങന്‍മാരെ കൊണ്ട് ചുടുചോറു വാരിക്കുന്നത് പോലെ കുട്ടി സഖാക്കളെക്കൊണ്ട് അക്രമം നടത്തിച്ച മുഖ്യമന്ത്രിയും ഇ.പി ജയരാജനും ഇപ്പോള്‍ നടത്തുന്ന പ്രസ്താവനകള്‍ വെറും നാടകമാണെന്നും എംഎം ഹസന്‍ കെപിസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ജീവനക്കാരന്‍ അഗസ്റ്റിനെ അതിക്രൂരമായി മര്‍ദ്ദിച്ചു. വിവിധ സഹായങ്ങള്‍ ആവശ്യപ്പെട്ട് ജനങ്ങള്‍ രാഹുല്‍ഗാന്ധിക്ക് സമര്‍പ്പിച്ച അപേക്ഷകളെല്ലാം വലിച്ചുകീറി. പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തലവെട്ടിയതിന് സമാനമായി, സംഘപരിവാര്‍ മാതൃകയില്‍ ഓഫീസിലുണ്ടായിരുന്ന ഗാന്ധിജിയുടെ ചിത്രം നിലത്തിട്ടു . ഇതെല്ലാം ചെയ്യുമ്പോള്‍ പൊലീസ് നോക്കി നിൽക്കുകയായിരുന്നു. സീതാറാം യെച്ചൂരിയുടെ പ്രതികരണം വന്നതിനു ശേഷമാണ് ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടും പൊലീസ് നോക്കിനിന്നു. വിമാനത്തില്‍ പ്രതിഷേധ മുദ്രാവാക്യം മുഴക്കിയതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ വധശ്രമത്തിന് കള്ളക്കേസെടുത്ത പൊലീസ് ഈ അക്രമത്തിനെതിരെ നിസാര വകുപ്പിട്ട് കേസെടുത്താല്‍ യുഡിഎഫ് നിയമത്തിന്റെ വഴിയേ പോകും. എസ്എഫ്‌ഐക്കാര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുക്കേണ്ടതെന്നും ഹസ്സന്‍ പറഞ്ഞു.