കണ്ണൂര്‍: ജനാധിപത്യം അട്ടിമറിച്ച് ഏതുവിധേനയും അധികാരം പിടിച്ചെടുക്കുകയെന്ന അജന്‍ഡയാണ് ഇന്ത്യയില്‍ ഉടനീളം ബിജെപിയും ആര്‍എസ്എസും നടപ്പാക്കുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മറ്റിയംഗം ഇ പി ജയരാജന്‍.
ജനാധിപത്യത്തിന്റെ എല്ലാ മര്യാദകളും കീഴ് വഴക്കങ്ങളും ലംഘിച്ച് ഫാസിസ്റ്റ് ഡെമോക്രസി നടപ്പാക്കുകയാണ് അവര്‍. ഗോവയില്‍ 40ല്‍ 17 സീറ്റ് നേടിയ കോണ്‍ഗ്രസിനെ മറികടന്നാണ് ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്.
മണിപ്പൂരിലും ഇതുതന്നെയാണ് സംഭവിച്ചത്. 28 സീറ്റ് നേടിയ കോണ്‍ഗ്രസിനെ വിട്ടാണ് 21 നേടിയ ബിജെപി സര്‍ക്കാരുണ്ടാക്കിയത്. എംഎല്‍എമാരെ ഹെലികോപ്റ്ററില്‍ റാഞ്ചിക്കൊണ്ടുപോവുന്ന നാണക്കേട് വരെ ഉണ്ടായിരിക്കുന്നു. ഇതിനെ ചെറുക്കാന്‍ ഇന്ത്യയില്‍ ഇടതുപക്ഷത്തിന് മാത്രമാണ് ആശയപരമായി കെല്‍പുള്ളതെന്നും ഇ പി പറഞ്ഞു.
യുപിയില്‍ മുസ്ലീം മത ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള 75 മണ്ഡലങ്ങളില്‍ ഒരിടത്തും പോലും ബിജെപി മുസ്ലീങ്ങളെ സ്ഥാനാര്‍ഥിയാക്കിയിട്ടില്ല. എല്ലായിടത്തും ബിജെപിയാണ് ജയിച്ചത്. ജനാധിപത്യത്തെ അട്ടിമറിച്ചും ഭയപ്പെടുത്തിയും വോട്ടര്‍മാരെ നാടുകടത്തിയുമാണ് യുപിയില്‍ വിജയം സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ എകെജി സ്‌ക്വയറില്‍ എകെജിയുടെ നാല്‍പതാം ചരമവാര്‍ഷികദിനത്തില്‍ പുഷപചക്രം അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു ഇ പി ജയരാജന്‍.