ഇ.പി.ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക് ; ചര്‍ച്ചകള്‍ സജീവമാക്കി സി.പി.എം

jayarajn_ep

തിരുവനന്തപുരം : ബന്ധുനിയമന വിവാദത്തില്‍പെട്ട് മന്ത്രിസഭയില്‍ നിന്നും പുറത്തായ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്. സിപിഎം സംസ്ഥാന നേതൃത്വം ഇത് സംബന്ധിച്ച് തീരുമാനമെടുത്തതായാണ് സൂചന. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ജയരാജന്റെ മടങ്ങിവരവിന് അനുവാദം നല്‍കും.

ജയരാജനെ മടക്കിക്കൊണ്ടുവന്നാല്‍ ഒരു മന്ത്രികൂടി സിപിഎമ്മിന് അധികമാകും. അങ്ങനെയായാല്‍ തങ്ങള്‍ക്കും ഒരു മന്ത്രിസ്ഥാനം കൂടി വേണമെന്ന് സിപിഐ നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. ഇത്തരമൊരു വാദഗതി സിപിഐ ഉയര്‍ത്തിയതിനാല്‍ തിങ്കളാഴ്ചത്തെ എല്‍ഡിഎഫ് യോഗത്തിന് മുന്‍പ് അവരുമായി സിപിഎം പ്രത്യേക ചര്‍ച്ച നടത്തും.

ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ എ.കെ.ശശീന്ദ്രന്‍ മന്ത്രിസഭയിലേക്ക് തിരിച്ചുവന്നിട്ടും ജയരാജനെ മടക്കിക്കൊണ്ടു വരാത്തതില്‍ പാര്‍ട്ടിയില്‍ തന്നെ വിമര്‍ശനങ്ങളുണ്ടായിരുന്നു. ജയരാജന്‍ പ്രതിയായ ബന്ധുനിയമന കേസില്‍ അദ്ദേഹത്തിന് വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു.

ഇരുപത്തിയൊന്നു പേര്‍ക്ക് മന്ത്രിമാരാകാമെങ്കിലും നിലവില്‍ 19 പേര്‍മാത്രമാണ് പിണറായി മന്ത്രിസഭയിലുള്ളത്. അനാരോഗ്യം അലട്ടിയിരുന്ന ടി.പി.രാമകൃഷ്ണന്‍ നേരത്തെ മന്ത്രിസ്ഥാനം ഒഴിയാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. കൂടാതെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ മന്ത്രിയാക്കിയുള്ള അഴിച്ചുപണിയും ചര്‍ച്ചകളില്‍ സജീവമാണ്.

Top