അതിജീവിതയെ അപമാനിക്കുന്നത് വിഡി സതീശനും കൂട്ടരും; ഇപി ജയരാജൻ

എറണാകുളം: നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയെ അപമാനിക്കുന്നത് പ്രതിപക്ഷനേതാവ് വിഡി സതീശനും കൂട്ടരുമാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഇടതുപക്ഷ സർക്കാർ എന്നും അതിജീവിതയ്ക്കൊപ്പമാണ് നിന്നിട്ടുള്ളത്. അതിനിയും തുടരും. എഴുത്തുകാരി സാറാ ജോസഫിന്റെ സർക്കാരിനെതിരായ പരാമർശം കാര്യങ്ങൾ കൃത്യമായി മനസിലാക്കാതെയാണെന്നും ഇപി ജയരാജൻ വിമർശിച്ചു.

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത സമർപ്പിച്ച ഹർജിയിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. പരാതിയിൽ വെള്ളിയാഴ്ചയ്ക്ക് മുൻപ് വിശദീകരണം നൽകണമെന്നാണ് കോടതി നിർദേശം. തുടരന്വേഷണത്തിന് ഇനിയും സമയം നീട്ടി നൽകാനാകില്ലെന്ന നിലപാടിലാണ് ഹൈക്കോടതി. അതിജീവിതയ്ക്ക് അനാവശ്യ ഭീതിയാണെന്നും ഹർജി പിൻവലിക്കണമെന്നുമാണ് സർക്കാർ വാദം. ആവശ്യമെങ്കിൽ വിചാരണക്കോടതിയിൽ നിന്ന് റിപ്പോർട്ട് തേടുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. തുടരന്വേഷണത്തിന് സമയം നിശ്ചയിച്ചത് മറ്റൊരു ബെഞ്ചാണെന്ന് വിശദീകരിച്ചാണ് കോടതി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്. കേസ് ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ഇന്ന് ഹർജി പരിഗണിച്ചത്.

 

Top