കണ്ണൂര്‍: ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം തിരുവനന്തപുരം-കണ്ണൂര്‍ റൂട്ടില്‍ വിമാനയാത്രക്കൊരുങ്ങി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഇന്‍ഡിഗോ വിമാനക്കമ്പനി ഏര്‍പ്പെടുത്തിയ യാത്രാവിലക്കിനെ തുടര്‍ന്ന് ട്രെയിനിലായിരുന്നു ഇ പി ജയരാജന്റെ യാത്രകള്‍.
കഴിഞ്ഞ ജൂണ്‍ 13 നായിരുന്നു ഇ പി ജയരാജന്റെ യാത്രാ വിലക്കിനിടയാക്കിയ സംഭവം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ചിരുന്ന വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തപ്പോഴുണ്ടായ സംഭവത്തിലായിരുന്നു ഇന്‍ഡിഗോയുടെ നടപടി. വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും അവരെ തള്ളി വീഴ്ത്തിയ ജയരാജനെതിരെയും കമ്പനി നടപടി എടുത്തിരുന്നു. ഇപിയെ മൂന്നാഴ്ചയും രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രണ്ടാഴ്ചയും ഇന്‍ഡിഗോ വിലക്കി. വിലക്ക് കഴിഞ്ഞിട്ടും ഇപി പിന്നീട് ഇന്‍ഡിഗോയില്‍ കയറിയിട്ടില്ല. ട്രെയിനിലായിരുന്നു പിന്നിടുള്ള ഇപിയുടെ കണ്ണൂര്‍- തിരുവനന്തപുരം യാത്രകള്‍.
ഇന്‍ഡിഗോ കമ്പനി മാത്രമായിരുന്നു കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ആകെ വിമാന സര്‍വീസ് നടത്തിയിരുന്നത്. അതോടെ തലസ്ഥാനത്തേക്കും തിരിച്ചും എല്‍ഡിഎഫ് കണ്‍വീനറുടെ വിമാനയാത്ര മുടങ്ങി. എന്നാല്‍ അതിനി മാറുകയാണ്. കണ്ണൂരിലേക്ക് ശനിയാഴ്ച രാവിലെയാണ് ഒരു ഇടവേളയ്ക്ക് ശേഷം ഇ പി ജയരാജന്‍ വീണ്ടും വിമാന യാത്ര നടത്തുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂര്‍-തിരുവനന്തപുരം സര്‍വീസ് തുടങ്ങിയതാണ് ഇ പി ജയരാജന് ആശ്വാസമായത്.