തിരുവനന്തപുരം: മുന്‍ വ്യവസായ മന്ത്രി ഇപി ജയരാജനെതിരെ വീണ്ടും വിവാദ കുരുക്ക്. വ്യവസായ മന്ത്രി ആയിരിക്കെ കുടുംബക്ഷേത്ര നവീകരണത്തിന് സൗജന്യമായി തേക്ക് നല്‍കണമെന്നാവശ്യപ്പെട്ട് വനം വകുപ്പ് മന്ത്രി കെ.രാജുവിന് കത്ത് എഴുതിയതാണ് വിവാദമായിരിക്കുന്നത്.
വിപണിയില്‍ 15 കോടി രൂപ വിലവരുന്ന തേക്കാണ് മന്ത്രിയായിരിക്കെ ജയരാജന്‍ സൗജന്യമായി ചോദിച്ചത്.
കണ്ണൂര്‍ ഇരിണാവ് ക്ഷേത്രനവീകരണത്തിനാണ് അദ്ദേഹം തേക്ക് ആവശ്യപ്പെട്ടത്. മന്ത്രിയുടെ സ്വന്തം ലെറ്റര്‍ പാഡിലാണ് അദ്ദേഹം ഈ ആവശ്യം ചോദിച്ച് വനംമന്ത്രിക്ക് കത്തയച്ചത്.
കത്ത് കിട്ടിയിരുന്നതായും ചീഫ് കണ്‍സര്‍വേറ്റര്‍ക്ക് കൈമാറിയതായും വനംമന്ത്രി കെ.രാജു മാധ്യമങ്ങളോട് പറഞ്ഞു
കണ്‍സര്‍വേറ്റര്‍ ഫോറസ്റ്റ് ഓഫീസിലെ ഒരു ജീവനക്കാരിയെ വിട്ട് കത്തില്‍ പറയുന്ന ഇരിണാവ് ക്ഷേത്രത്തിന്റെ നവീകരണ ജോലി നടക്കുന്നുണ്ടോ എന്ന് ആരാഞ്ഞു.
അതനുസരിച്ച് നവീകരണ ജോലികള്‍ നടക്കുന്നുണ്ടെന്ന് അവര്‍ റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് കണ്ണൂരിലെ ഏറ്റവും വലിയ ഫോറസ്റ്റ് ഡിവിഷനായ കണ്ണവത്തെ ഡി.എഫ്.ഒ തേക്കിനെ കുറിച്ച് അന്വേഷണം നടത്തി.
റേഞ്ച് ഓഫീസര്‍ ഇത്രയും ഭീമമായ അളവില്‍ തേക്ക് കണ്ണവം വനത്തില്‍ ഇല്ല എന്ന മറുപടി നല്‍കി. അതോടെ കണ്ണൂരിലെ വനംവകുപ്പ് ഇത്രയും വലിയ അളവില്‍ തേക്ക് നല്‍കുന്നതിന് ചട്ടം അനുവദിക്കുന്നില്ല എന്ന മറുപടി നല്‍കുകയായിരുന്നു.
ജയരാജന്റെ കുടുംബബന്ധുക്കളാണ് ഇരിണാവ് ക്ഷേത്രത്തിന്റെ ട്രസ്റ്റിലുള്ളത്. ഇ.പി ജയരാജന്‍ വാര്‍ത്തയോട് പ്രതികരിച്ചില്ല.