തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ ഇൻഡിഗോ എയർപോർട്ട് മാനേജർ ടി.വി വിജിത്ത് നൽകിയ റിപ്പോർട്ട് ശരിയല്ലെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് നൽകിയ പരാതിക്കെതിരെ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഒരു പണിയും ഇല്ലാതെ നടക്കുന്നവർക്ക് കേസ് കൊടുക്കാമെന്നായിരുന്നു ഇപിയുടെ പ്രതികരണം. വിമാനത്തിൽനിന്ന് മുഖ്യമന്ത്രി ഇറങ്ങിയ ശേഷമാണ് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ എഴുന്നേറ്റതെന്നും മദ്യപിച്ചു ലക്കുകെട്ട അവർക്കു നേരെ നിൽക്കാൻ പോലും കഴിയുമായിരുന്നില്ലെന്നും അദ്ദേഹം ആദ്യം പറഞ്ഞത് . എന്നാൽ, അൽപ സമയത്തിനു ശേഷം നടത്തിയ പ്രതികരണത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനകത്ത് വെച്ച് ശ്രമിച്ചുവെന്ന് ഇപി ജയരാജന്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഇൻഡിഗോ എയർപോർട്ട് മാനേജർ ടി.വി വിജിത്ത് നൽകിയ റിപ്പോർട്ട് പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി ഇൻഡിഗോ ദക്ഷിണേന്ത്യൻ മേധാവിക്ക് അദ്ദേഹം കത്തുംനൽകി. രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഇത്തരമൊരു റിപ്പോർട്ട് പൊലീസിന് നൽകിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച ഇ.പി ജയരാജന്റെ പേര് പോലും റിപ്പോർട്ടിൽ പരാമർശിക്കാത്തത് ഏറെ സംശയങ്ങൾക്ക് വഴിവെക്കുന്നുണ്ടെന്നും കത്തിൽആരോപിക്കുന്നു.