ബി.ജെ.പിയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് അയോധ്യ ക്ഷേത്രവും അതിന്റെ ഉദ്ഘാടന ചടങ്ങും;ഇ.പി ജയരാജന്‍

തിരുവനന്തപുരം: ബി.ജെ.പിയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് അയോധ്യ ക്ഷേത്രവും അതിന്റെ ഉദ്ഘാടന ചടങ്ങുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഇക്കാര്യം തിരിച്ചറിയാന്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയുമെന്നും അതിനുസരിച്ച് ജനങ്ങള്‍ ചിന്തിച്ച് പ്രവര്‍ത്തിക്കുമെന്നും ഇ.പി പറഞ്ഞു. ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഉയര്‍ന്ന ആശയക്കുഴപ്പം സംബന്ധിച്ച ചോദ്യത്തോട് മാധ്യമങ്ങളോട് പ്രതികരിക്കുകകയായിരുന്നു ഇ.പി ജയരാജന്‍.

‘അയോധ്യയിലെ ബാബറി പള്ളി തകര്‍ത്തത് രാജ്യത്ത് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കി മതപരമായ ചേരിതിരിവുണ്ടാക്കി വോട്ടുബാങ്ക് സൃഷ്ടിക്കാന്‍ ബിജെപി നടത്തിയിട്ടുള്ള രാഷ്ട്രീയ സമരമാണ്. ആ കാലഘട്ടത്തില്‍ കോണ്‍ഗ്രസിലെ പല നേതാക്കളും അവരുടെ അനുഭാവികളും അതിനകത്ത് അകപ്പെട്ടുപോയി. ഇപ്പോള്‍ ആ സ്ഥാനത്ത് ക്ഷേത്രനിര്‍മാണവും അതിന്റെ ഭാഗമാണ്. ഇതിന്റെയൊക്കെ നേട്ടമാണ് ബിജെപി ഇപ്പോള്‍ കൊയ്തുകൊണ്ടിരിക്കുന്നത്. ഒരാളുടെ വിശ്വാസത്തിലും രാഷ്ട്രീയം ഇടപെടാന്‍ പാടില്ല. അതാണ് മതനിരപേക്ഷതയുടെ മൂല്യം. എന്നാല്‍, ഇവിടെ മതത്തെ ദുരുപയോഗം ചെയ്ത് രാഷ്ട്രീയമായി കൂട്ടിക്കുഴച്ച് വര്‍ഗീയതയും വിദ്വേഷവും സൃഷ്ടിച്ചെടുത്ത് അതില്‍നിന്ന് നേട്ടംകൊയ്യാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപിയുടെ രാഷ്ട്രീയ കാഴ്ചപ്പാടാണ് അത്’, ഇ.പി പറഞ്ഞു.

‘ബിജെപി ഇനിയും സംഘര്‍ഷമുണ്ടാക്കും. മണിപ്പൂര്‍ കത്തിയത് അതിന്റെ ഭാഗമായാണ്. ഇപ്പോള്‍ ഇന്ത്യയില്‍ പലഭാഗത്തും നടന്നുകൊണ്ടിരിക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ അതിന്റെ ഭാഗമാണ്. ബിജെപി അധികാരത്തില്‍ വന്നതുമുതല്‍ അവര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഓരോ നയം എടുത്തുനോക്കിയാലും വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കാനുള്ളതാണ്. ബിജെപിയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് അയോധ്യ ക്ഷേത്രവും ഉദ്ഘാടനവുമെല്ലാം. ഇത് തരിച്ചറിയാന്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയും. ജനാധിപത്യ ശക്തികള്‍ ഇത് മനസ്സിലാക്കും. അതിനുസരിച്ച് ജനങ്ങള്‍ ചിന്തിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കും’, ഇപി പറഞ്ഞു.

Top