‘ആശങ്ക വേണ്ട’; എല്ലാക്കാലത്തും ഇടതുപക്ഷം മാധ്യമങ്ങൾക്കൊപ്പമെന്ന് ഇപി ജയരാജൻ

കണ്ണൂർ : മാർക്ക് ലിസ്റ്റ് വിവാദത്തിൽ മാധ്യമപ്രവർത്തകയ്‌ക്കെതിരായ കേസിനെയും വ്യാജരേഖക്കേസിൽ കെ.വിദ്യയെ പിടികൂടാത്ത പൊലീസ് നടപടിയെയും കുറിച്ച് വിശദീകരിച്ച് ഇ.പി.ജയരാജൻ. മാധ്യമസ്വാതന്ത്ര്യം സംബന്ധിച്ച് ആരും ഉത്‌കണ്ഠപ്പെടേണ്ടെന്നും എല്ലാക്കാലത്തും ഇടതുപക്ഷം മാധ്യമങ്ങൾക്കൊപ്പമുണ്ടെന്നും എൽഡിഎഫ് കൺവീനർ അഭിപ്രായപ്പെട്ടു. മാധ്യമ സ്വാതന്ത്യം സംബന്ധിച്ച വിഷയത്തിൽ പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്റെ ലൈനിൽ തന്നെയാണ് ഇ.പി.ജയരാജൻ. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കലാണ് ഇടതുപക്ഷ സമീപനമെന്ന് പറഞ്ഞ ഇ.പി. കൊച്ചിയിൽ വനിത മാധ്യമ പ്രവർത്തകയ്ക്ക് എതിരെ എടുത്ത കേസിനെ ന്യായീകരിക്കുന്നത് ഇങ്ങനെ

‘‘മാധ്യമപ്രവർത്തകരെ, കോളജ് അധ്യാപകരെ പറ്റി പരാതി പറഞ്ഞാൽ അന്വേഷിക്കണ്ടെ? ആര് പരാതി കൊടുത്താലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കും. അന്വേഷണത്തിൽ തെളിവുകളും രേഖകളും ഉണ്ടെങ്കിൽ കേസ് എടുക്കും. ഞാൻ പറഞ്ഞതും എം.വി.ഗോവിന്ദൻ പറഞ്ഞതും ഒന്നു തന്നെ’’

മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ രേഖ ചമച്ച വിദ്യയെ പൊലീസ് പിടികൂടാത്തതിന്റെ ഇ.പി.യുടെ ഉത്തരം ഇതാണ്. എകെജി സെന്റർ ആക്രമണത്തിൽ പ്രതിയെ സമയം എടുത്താണ് പിടിച്ചത്. പൊലീസിന് തെറ്റുപറ്റി കൂടാ അതിനു സമയം എടുക്കും. സോളാർ കമ്മിഷൻ സംബന്ധിച്ചുള്ള സി.ദിവാകരന്റെ അഭിപ്രായം മുന്നണിയുടെ അഭിപ്രായമല്ലെന്നും ഇ.പി.ജയരാജൻ വ്യക്തമാക്കി.

Top