തിരുവനന്തപുരം : വ്യാവസായിക രംഗത്ത് സമഗ്ര വികസനം നടപ്പാക്കാനുള്ള കര്‍മ്മപദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്ന് മന്ത്രി ഇ.പി.ജയരാജന്‍. നിക്ഷേപകര്‍ക്ക് വ്യവസായം തുടങ്ങാന്‍ എല്ലാ സൗകര്യങ്ങളുമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി അറിയിച്ചു. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടന്ന വ്യവസായി സൗഹൃദ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാണിജ്യ വ്യവഹാരങ്ങള്‍ വേഗത്തിലാക്കാന്‍ വാണിജ്യകോടതി സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് വാണിജ്യ കോടതി സ്ഥാപിക്കുക. വായ്പയെടുത്ത് കടബാധ്യതയിലായ വ്യാപാരികള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ എസ് ഐ ഡി സി യെ ശക്തിപ്പെടുത്തി കൂടുതല്‍ വായ്പകള്‍ അനുവദിക്കും. വ്യവസായി സംഘടനകളുടെയും സംരംഭകരുടെയും യോഗം വിളിച്ച് നിര്‍ദേശങ്ങള്‍ പരിഗണിച്ചായിരിക്കും പദ്ധതികള്‍ നടപ്പാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.