തിരുവനന്തപുരം: സര്‍ക്കാരിനെ അട്ടിമറിക്കാന്‍ യുഡിഎഫും ബിജെപിയുമടങ്ങുന്ന മഴവില്‍ സഖ്യം രണ്ടാം വിമോചന സമരത്തിനാണ് കോപ്പ് കൂട്ടുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഗാന്ധിയെയും നെഹ്‌റുവിനെയും ഉപേക്ഷിച്ച കോണ്‍ഗ്രസിന് കള്ളക്കടത്തുകാരി പറയുന്നതാണ് വേദവാക്യം. ഒരു വിശ്വാസ്യതയുമില്ലാത്ത ആ സ്ത്രീ വായില്‍ തോന്നുന്നത് വിളിച്ച് പറയുന്നത് അതേപടി ഏറ്റു പാടുംവിധം പ്രതിപക്ഷം തരംതാണിരിക്കുകയാണ്. മുഖ്യമന്ത്രിയെ വ്യക്തിപരമായി കടന്നാക്രമിക്കുന്നതിന് പിന്നിലെ നീചമായ അജണ്ടയും സര്‍ക്കാറിനെ അട്ടിമറിക്കുക എന്നതാണ്. യുഡിഎഫിലെ പല ഘടകകക്ഷികള്‍ക്കും ഇത്തരം നീക്കത്തോട് യോജിപ്പില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു.
അട്ടിമറി ശ്രമത്തിന് പിന്നില്‍ വിദേശ സാമാജ്യത്വ ശക്തികളുടെയും രാജ്യത്തിനകത്തുള്ള ചില ശക്തികളുടെയും പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജന്‍സികളെയും ഉപയോഗിക്കുന്നു. ഇതിനെല്ലാം പുറമെയാണ് കലാപം അഴിച്ചുവിട്ടും സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നോക്കുന്നത്. ചാവേറുകളെക്കൊണ്ട് മുഖ്യമന്ത്രിയുടെ കാറിന് മുന്നില്‍ ചാടിക്കുകയാണ്. എങ്ങനെയെങ്കിലും ഒരു മരണം അവര്‍ ആഗ്രഹിക്കുന്നു. ഇത്തരം ഗൂഢനീക്കങ്ങളെ ചെറുത്ത് തോല്‍പിക്കാന്‍ ജനങ്ങള്‍ സ്വമേധയാ മുന്നോട്ട് വരുമെന്ന് ഉറപ്പാണെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി.
ഇപി ജയരാജന്‍ പറഞ്ഞത്: കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ യുഡിഎഫും ബിജെപിയുമടങ്ങുന്ന മഴവില്‍ സഖ്യം രണ്ടാം വിമോചന സമരത്തിനാണ് കോപ്പ് കൂട്ടുന്നത്. ഇതിനെതിരെ നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും ആഗ്രഹിക്കുന്ന മുഴുവനാളുകളും ഒന്നിച്ചണിനിരക്കണം. 1957ലെ ആദ്യ ഇ എം എസ് സര്‍ക്കാറിനെ അട്ടിമറിച്ചത് കുപ്രസിദ്ധമായ വിമോചന സമരത്തിലൂടെയാണല്ലൊ. അന്ന് ഇഎംഎസ് സര്‍ക്കാറിന് രണ്ട് എം എല്‍എമാരുടെ ഭൂരിപക്ഷമാണുണ്ടായിരുന്നത്. എം എല്‍ എ മാരെ വിലക്കെടുത്ത് ഭരണം അട്ടിമറിക്കാനായിരുന്നു ആദ്യം നോക്കിയത്. അത് നടക്കാതായപ്പോള്‍ എംഎല്‍എമാരെ ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നു. അന്നത്തെ നീലേശ്വരം ദ്വയാംഗ മണ്ഡലത്തെ പ്രതിനിധീകരീച്ച കല്ലടന്‍ വൈദ്യരെ അപായപ്പെടുത്താന്‍ നോക്കിയത് ഇതിന്റെ ഭാഗമായിരുന്നു. പിന്നീട് മറ്റൊരു എംഎല്‍എയെയും ലക്ഷ്യമിട്ടു. ഇത് രണ്ടും പൊളിഞ്ഞപ്പോഴാണ് അന്ന് വിമോചന സമരമെന്ന പേരില്‍ കലാപം അഴിച്ച് വിട്ടത്. തുടര്‍ന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന് തീരാ കളങ്കമേല്‍പിച്ച് സര്‍ക്കാറിനെ അട്ടിമറിച്ചുവെങ്കിലും തുടര്‍ന്നും കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇടവിട്ട് അധികാരത്തില്‍ വന്നു.
ഇപ്പോഴിതാ 2016 മുതല്‍ തുടര്‍ച്ചയായി എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നു. 2021 ലെ തെരഞ്ഞെടുപ്പിലും അതിന് മുമ്പും സര്‍ക്കാറിനെ അട്ടിമറിക്കാന്‍ സകല വലതു ശക്തികളും കൈകോര്‍ത്തുവെങ്കിലും ജനങ്ങള്‍ വര്‍ധിത പിന്തുണയോടെ എല്‍ഡിഎഫിന് തുടര്‍ ഭരണം സമ്മാനിച്ചു. 5 വര്‍ഷത്തെ ഭരണം നാട്ടിലുണ്ടാക്കിയ വികസനവും ജനങ്ങള്‍ക്ക് നല്‍കിയ ക്ഷേമവും ആണ് ഈ ജനപിന്തുണയുടെ അടിസ്ഥാനം. 2021ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാകും മുമ്പ് തന്നെ വികസനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഒട്ടേറെ മുന്നേറ്റമുണ്ടാക്കി. അതിദരിദ്രരില്ലാത്ത കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നു. തൊഴില്‍ രഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്നു. കാര്‍ഷിക വ്യവസായ മേഖലകളിലും വന്‍ മുന്നേറ്റമുണ്ടാക്കുന്നു. ആരോഗ്യവിദ്യാഭ്യാസ രംഗത്ത് ലോകത്തിന് മാതൃകയാകുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ശ്രദ്ധേയമായ ചുവട് വെപ്പ് നടത്തുന്നു.
പക്ഷെ, ഇതിനെയെല്ലാം ഇല്ലാതാക്കാനാണ് യുഡിഎഫും ബിജെപിയും കൈകോര്‍ക്കുന്നത്. ഇതേ രീതിയില്‍ അടുത്ത 3 വര്‍ഷം കൂടി ഭരണം തുടര്‍ന്നാല്‍ പ്രതിപക്ഷം തീര്‍ത്തുമില്ലാതാകുമെന്ന ഭയമാണ് യുഡിഎഫിനയും ബിജെപിയെയും ഭരിക്കുന്നത്. ലോകസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയും ഇരുകൂട്ടരും മുന്നില്‍ കാണുന്നു. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കി വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തകര്‍ക്കാര്‍ കേന്ദ്ര ബിജെപി സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ യുഡിഎഫ് അതിന് ഓശാന പാടുന്നു. ഈ പ്രതിസന്ധിയും മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതേ ബിജെപിയുമായി കൈകോര്‍ത്ത് കലാപത്തിന് ചാവേറുകളെ ഇറക്കി വിടുകയാണ്.
അതേ സമയം, കേന്ദ്രം പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കും പാചകവാതകത്തിനുമെല്ലാം അടിക്കടി വില വര്‍ധിപ്പിക്കുന്നതില്‍ യുഡിഎഫിന് വലിയ പ്രയാസവും തോന്നുന്നില്ല. ഈ സമരങ്ങളും ക്‌ളച്ച് പിടിക്കാതായപ്പോഴാണ് പഴയ കുപ്പിയും പഴയ വീഞ്ഞുമായി ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പയറ്റിയ അതേ ആയുധമാണ് പുറത്തെടുത്തിരിക്കുന്നത്. അതിന് കരുവാക്കുന്നതോ കുപ്രസിദ്ധ കള്ളക്കടത്ത് കാരിയെ. ഗാന്ധിയെയും നെഹ്‌റുവിനയും ഉപേക്ഷിച്ച കോണ്‍ഗ്രസിന് ഈ കള്ളക്കടത്തുകാരി പറയുന്നതാണ് വേദവാക്യം. ഒരു വിശ്വാസ്യതയുമില്ലാത്ത ആ സ്ത്രീ വായില്‍ തോന്നുന്നത് വിളിച്ച് പറയുന്നത് അതേപടി ഏറ്റു പാടുംവിധം പ്രതിപക്ഷം തരംതാണിരിക്കുന്നു. മുഖ്യമന്ത്രിയെ വ്യക്തിപരമായി കടന്നാക്രമിക്കുന്നതിന് പിന്നിലെ നീചമായ അജണ്ടയും സര്‍ക്കാറിനെ അട്ടിമറിക്കുക എന്നതാണ്. യുഡിഎഫിലെ പല ഘടകകക്ഷികള്‍ക്കും ഇത്തരം നീക്കത്തോട് യോജിപ്പില്ല. ഒന്നാം വിമോചന സമരത്തിന് അമേരിക്കന്‍ ചാരസംഘടനയില്‍ നിന്നും 10 കോടിയാണ് കൈപ്പറ്റിയത്. പണം നല്‍കിയവര്‍ തന്നെ അത് പിന്നീട് വെളിപ്പെടുത്തിയതുമാണ്.
ഇപ്പോള്‍ നടക്കുന്ന ഈ അട്ടിമറി ശ്രമത്തിന് പിന്നിലും വിദേശ സാമാജ്യത്വ ശക്തികളുടെയും രാജ്യത്തിനകത്തുള്ള ചില ശക്തികളുടെയും അകമഴിഞ്ഞ പിന്തുണയുണ്ട്. സിബിഐയും ഇഡിയും ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളെയും ഉപയോഗിക്കുന്നു. ഇതിനെല്ലാം പുറമെയാണ് കലാപം അഴിച്ചുവിട്ടും സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നോക്കുന്നത്. ചാവേറുകളെക്കൊണ്ട് മുഖ്യമന്ത്രിയുടെ കാറിന് മുന്നില്‍ ചാടിക്കുകയാണ്. എങ്ങനെയെങ്കിലും ഒരു മരണം അവര്‍ ആഗ്രഹിക്കുന്നു. ഇത്തരം ഗൂഢനീക്കങ്ങളെ ചെറുത്ത് തോല്‍പിക്കാന്‍ ജനങ്ങള്‍ സ്വമേധയാ മുന്നോട്ട് വരുമെന്ന് ഉറപ്പാണ്. അട്ടിമറി നീക്കം ചെറുക്കാനുള്ള കരുത്ത് എല്‍ഡിഎഫിനും സിപിഐ എമ്മിനുമുണ്ട്. കൂടുതല്‍ കരുത്തോടെ ഇത്തരം നീക്കങ്ങളെ ജനങ്ങള്‍ ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പിക്കും. ഏതൊരു വികസിത രാഷ്ട്രത്തിന്റെയും നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് കേരളത്തെ ആധുനിക കേരളമാക്കിക്കൊണ്ടിരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാറിനെ ജനങ്ങള്‍ കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് സൂക്ഷിക്കും.