കണ്ണൂര്‍: പാര്‍ട്ടി ഭാരവാഹികള്‍ ഉള്‍പ്പെടെ വിശ്വാസവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളില്‍ നിന്നും വിട്ട് നില്‍ക്കണമെന്ന സി.പി.എം കേന്ദ്ര കമ്മറ്റിയുടെ തെറ്റുതിരുത്തല്‍ രേഖ ലംഘിച്ച് കേന്ദ്ര കമ്മറ്റി അംഗം ഇ.പി.ജയരാജന്റെ നടപടി വിവാദത്തില്‍. പാര്‍ട്ടിക്കകത്ത് ശക്തമായ പ്രതിഷേധമാണ് ജയരാജനെതിരെ ഉയര്‍ന്നിരിക്കുന്നത്.
മതപരമായ ചടങ്ങുകള്‍ സംഘടിപ്പിക്കാനോ വ്യക്തിപരമായി അതില്‍ ഭാഗഭാക്കാനോ പാടില്ലന്നും തെറ്റുതിരുത്തല്‍ രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കണ്ണൂര്‍ മുഴക്കുന്ന് മൃദംഗ ശൈലേശ്വര ക്ഷേത്ര ദര്‍ശനത്തിലൂടെ ഒരു കമ്യൂണിസ്റ്റുകാരന്‍ പുലര്‍ത്തേണ്ട ജാഗ്രത ജയരാജന്‍ കാട്ടിയില്ലന്നതാണ് സി.പി.എമ്മിനുള്ളിലെ പൊതുവികാരം.
പാര്‍ട്ടി അനുഭാവികളില്‍ ബഹുഭൂരിപക്ഷവും വിശ്വാസികളാണെങ്കിലും നേതാക്കളും പ്രവര്‍ത്തകരും ഇക്കാര്യത്തില്‍ വിട്ടു നില്‍ക്കണമെന്ന് തന്നെയാണ് എപ്പോഴും പാര്‍ട്ടി നിലപാടെന്ന് സി.പി.എം നേതൃത്വം ചൂണ്ടിക്കാട്ടി.
ഇവിടെ ക്ഷേത്ര ദര്‍ശനം നടത്തി ജയരാജന്‍ തിരിച്ചിറങ്ങുന്ന ചിത്രം സമൂഹ മധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഉദ്ദിഷ്ടകാര്യ സാധ്യത്തിനു പേരുകേട്ട ക്ഷേത്രത്തിലാണ് ഇ.പി ദര്‍ശനത്തിനെത്തിയത്. വളരെ മുന്‍പ് നടന്ന സംഭവം ഇപ്പോള്‍ വിവാദമാക്കിയതിനു പിന്നില്‍ പാര്‍ട്ടിയിലെ തന്നെ ശത്രുക്കളാണോ എന്ന സംശയവും ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്.
ബന്ധു നിയമന വിവാദം സി.പി.എം പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മറ്റിയും ചര്‍ച്ച ചെയ്യുന്നതിന് രണ്ടാഴ്ച മുന്‍പായിരുന്നു ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.
മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ദര്‍ശനത്തിന് പിന്നാലെയാണ് മറ്റൊരു ഉന്നത നേതാവും ഇതേ കാര്യത്തില്‍ പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയിരിക്കുന്നത്.
വിഗ്രഹാരാധനയിലല്ല പ്രവര്‍ത്തിയിലാണ് കാര്യമെന്ന് വിശ്വസിക്കുന്നവരാണ് കമ്യൂണിസ്റ്റുകള്‍.
മരണപ്പെട്ടതിന് ശേഷമുള്ള സ്വര്‍ഗ്ഗത്തെ കുറിച്ച് ചിന്തിക്കുന്നതിനേക്കാള്‍ ജീവിച്ചിരിക്കുന്ന ഭൂമിയെ സ്വര്‍ഗ്ഗമിക്കുക എന്നതാണ് കമ്യൂണിസ്റ്റ് പ്രത്യേയശാസ്ത്രം മുന്നോട്ട് വയ്ക്കുന്നത്.