ഇന്ധനവില വര്‍ധന: എക്‌സൈസ് നികുതി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവണമെന്ന് ഇ.പി ജയരാജന്‍

EP Jayarajan

തിരുവനന്തപുരം: ഇന്ധനവില വര്‍ധനയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് മന്ത്രി ഇ.പി.ജയരാജന്‍. കേന്ദ്രം കമ്പനികള്‍ക്ക് വേണ്ടി രാജ്യത്തിന്റെ താല്‍പര്യം ഹനിച്ചുവെന്നും എക്‌സൈസ് നികുതി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. തിങ്കളാഴ്ച പെട്രോളിന് 15 പൈസയും ഡീസലിന് ആറ് പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 85.42 രൂപയും ഡീസലിന് 78.98 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ഈ മാസം പെട്രോളിനും ഡീസലിനും ഇതുവരെ 3.50 രൂപയില്‍ അധികമാണ് വര്‍ധിച്ചത്. പെട്രോള്‍ ഒരു ലിറ്ററിന് 19.48 രൂപയും ഡീസല്‍ ലിറ്ററിന് 15.33 രൂപയും കേന്ദ്രം എക്‌സൈസ് ഡ്യൂട്ടിയായി ഈടാക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പെട്രോള്‍ വില 85.27 രൂപയും ഡീസല്‍ വില 78.92 രൂപയുമായിരുന്നു. കൊച്ചിയില്‍ പെട്രോളിന് 83.74 രൂപയും, ഡീസലിന് 77.57 രൂപയുമായിരുന്നു ഇന്നലത്തെ വില.

Top