തിരുവനന്തപുരം : രണ്ടാമതും മന്ത്രിസഭയിലെടുക്കുന്ന ഇ.പി.ജയരാജന് മുഖ്യമന്ത്രി പിണറായി വിജയന്റെ കര്‍ശന നിര്‍ദ്ദേശം.
മന്ത്രി സഭയില്‍ നിന്നും പുറത്ത് പോകേണ്ട സാഹചര്യം ഇനി ആവര്‍ത്തിക്കരുതെന്നും പ്രവര്‍ത്തനങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നുമാണ് ഉപദേശം.
മേലില്‍ ഇനി എടുത്ത് ചാടി ഒരു നടപടിയും സ്വീകരിക്കില്ല എന്ന് ഇ.പി ജയരാജന്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി നേതൃത്വത്തിനും ഉറപ്പു നല്‍കിയിട്ടുണ്ട്.
ബന്ധുക്കളായാലും സുഹൃത്തുക്കളായാലും വളരെ സൂക്ഷിച്ചു മാത്രമേ ഇ.പി ഇനി അടുപ്പിക്കൂവെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവരും ചൂണ്ടിക്കാട്ടുന്നത്.
മന്ത്രി സ്ഥാനം നഷ്ടപ്പെടാന്‍ വഴിയൊരുക്കിയ ബന്ധു നിയമന കേസില്‍ കോടതിയും വിജിലന്‍സും ജയരാജനെ കുറ്റവിമുക്തനാക്കിയെങ്കിലും ഒരു കമ്യൂണിസ്റ്റുകാരനായ മന്ത്രി പാലിക്കേണ്ട ജാഗ്രത ജയരാജന്‍ നിയമന കാര്യത്തില്‍ കാട്ടിയിട്ടില്ലന്ന പാര്‍ട്ടി വിലയിരുത്തല്‍ ഇപ്പോഴും അതുപോലെ തുടരുകയാണ്.
സംഭവത്തില്‍ സി.പി.എം കേന്ദ്ര കമ്മറ്റി ജയരാജനെയും പി.കെ ശ്രീമതി എം.പിയെയും ശാസിച്ചിരുന്നു. രണ്ട് വര്‍ഷത്തോളം മന്ത്രിസഭക്ക് പുറത്ത് ഇ.പി.ജയരാജന് നില്‍ക്കേണ്ടി വന്നതും പാര്‍ട്ടി നേതൃത്വത്തിന്റെ ഈ നിലപാടു മൂലമായിരുന്നു.
എന്നാല്‍ ഫോണ്‍ കെണി’ സംഭവത്തെ തുടര്‍ന്ന് രാജിവയ്‌ക്കേണ്ടി വന്ന എന്‍.സി.പി നേതാവു കൂടിയായ മന്ത്രി എ.കെ ശശീന്ദ്രനെ കേസില്‍ നിന്നും തലയൂരിയതിനെ തുടര്‍ന്ന് മന്ത്രിസഭയിലെടുത്തത് കാര്യങ്ങളില്‍ മാറ്റം വരുന്നതിന് വഴി ഒരുക്കി.
ഇരട്ട നീതി പാടില്ലന്നും ജയരാജനെ മന്ത്രിസഭയില്‍ എടുക്കണമെന്നും പാര്‍ട്ടിക്കകത്ത് നിന്നു തന്നെ ആവശ്യമുയര്‍ന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ വീണ്ടും ജയരാജന് നറുക്ക് വീണിരിക്കുന്നത്.
മുന്‍പ് അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വ്യവസായം, സ്‌പോട്‌സ് വകുപ്പുകള്‍ തന്നെ തിരിച്ചു നല്‍കാനും സി.പി.എം നേതൃതലത്തില്‍ ധാരണയായിട്ടുണ്ട്.
അമേരിക്കയിലേക്ക് ചികിത്സാര്‍ത്ഥം മുഖ്യമന്ത്രി പിണറായി പോകുന്നതിന് മുന്‍പ് തന്നെ ഇ.പി ജയരാജന്‍ മന്ത്രിസഭയില്‍ ഉണ്ടാകണമെന്നതാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ആഗ്രഹം.
ജയരാജന്റെ ഭാര്യാ സഹോദരിയും കേന്ദ്രകമ്മിറ്റി അംഗവുമായ പി കെ ശ്രീമതിയുടെ പുത്രനായ കെ പി സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് എംഡി ആയി നിയമിക്കാന്‍ തീരുമാനിച്ച വിവരം പുറത്തു വന്നതോടെയാണ് അദ്ദേഹത്തിന്റെ കഷ്ടകാലം തുടങ്ങിയത്. ജയരാജന്റെ മറ്റൊരു ബന്ധു ദീപ്തി നിഷാന്ത് ക്ലേസ് ആന്റ് സെറാമിക്‌സ് ലിമിറ്റഡിന്റെ ജനറല്‍ മാനേജറായതും പിന്നീട് പുറത്തു വന്നു. ആനത്തലവട്ടം ആനന്ദന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍ തുടങ്ങിയവരുടെ ബന്ധുക്കളെ പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് നിയമിച്ചതും വിവാദമായി. വിവാദങ്ങളോട് ആദ്യം നിഷേധാത്മകമായാണ് ഇ പി ജയരാജന്‍ പ്രതികരിച്ചിരുന്നത്
എന്നാല്‍ ആദ്യം മുതല്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കരുതലോടെയാണ് പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ സുധീറിന്റെ നിയമനവും റദ്ദാക്കി. അപ്പോഴും യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനമെന്ന നിലാപാടാണ് ഇ പി സ്വീകരിച്ചത്. തുടര്‍ന്ന് നിയമനങ്ങള്‍ പരിശോധിക്കുമെന്ന നിലപാടില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും എത്തി. വിവാദം സര്‍ക്കാരിന് മങ്ങലേല്പിച്ചതായി വിഎസും പ്രതികരിച്ചു. തിരുത്തല്‍ നടപടി സംസ്ഥാന ഘടകം സ്വീകരിക്കുമെന്ന പ്രതികരണത്തിലൂടെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്ര നേതൃത്വത്തിന്റെ നിലപാടും വ്യക്തമാക്കി. ഇതോടെ ജയരാജന്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കപ്പെടുകയായിരുന്നു.