കോവിഡ് പ്രതിസന്ധി ; ഇപിഎഫ് ആനുകൂല്യം തുടരും

കൊച്ചി: കോവിഡ് പ്രതിസന്ധി നേരിടുന്നതിനുള്ള ആശ്വാസ നടപടികളുടെ ഭാഗമായി ആരംഭിച്ച ഇ.പി.എഫ് (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്) ആനുകൂല്യം തുടരും. കൊറോണക്കാലത്തെ ജനങ്ങളുടെ സാമ്പത്തിക സാഹചര്യം കണക്കിലെടുത്താണ് ജീവനക്കാർക്ക് ഇ.പി.എഫ് പിൻവലിക്കാൻ അവസരം നൽകിയത്. കോവിഡ് ഭീതി തുടരുന്ന കാലത്തോളം ഈ ആനുകൂല്യവും തുടരും.

നോൺ റീഫണ്ടബിൾ അഡ്വാൻസ് എന്ന നിലയിൽ മൂന്നു മാസത്തെ ശമ്പളത്തിന് തുല്യമായ തുകയോ പി.എഫിലുള്ള തുകയുടെ 75 ശതമാനമോ ഏതാണോ കുറവ് അതാണ് പിൻവലിക്കാനാകുക. ഈ തുക തിരിച്ചടയ്ക്കേണ്ടതില്ല. 2020 നവംബർ വരെയുള്ള കണക്കെടുത്താൽ കേരളത്തിൽ മാത്രം ഒന്നേകാൽ ലക്ഷം പേരാണ് പി.എഫ് പിൻവലിച്ചത്. 383 കോടി രൂപയുടെ നിക്ഷേപമാണ് ഇതുവരെ പിൻവലിച്ചിട്ടുള്ളത്.

ഇന്ത്യയിലുടനീളമുള്ള സ്ഥാപനങ്ങളിലെ ഇ.പി.എഫ് സ്കീമിൽ അംഗങ്ങളായിട്ടുള്ള എല്ലാ ജീവനക്കാർക്കും പി.എഫ് നിക്ഷേപം പിൻവലിക്കാവുന്നതാണ്. ഇതിനായി ഒരു തരത്തിലുള്ള രേഖകളോ സർട്ടിഫിക്കറ്റുകളോ സമർപ്പിക്കേണ്ടതില്ല.

Top