സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പഠനത്തിന്റെ ആവശ്യത്തിനായി പൂര്‍ണമായും ഇന്ത്യയില്‍ ‘രൂപകല്‍പന’ ചെയ്ത ആദ്യ ടാബ് ലെറ്റ് അവതരിപ്പിച്ച് എപിക് ഫൗണ്ടേഷന്‍. ‘മില്‍ക്കി വേ’ എന്ന് പേരിട്ടിരിക്കുന്ന ടാബ് ലെറ്റ് പൂര്‍ണമായും റിപ്പയര്‍ ചെയ്യാനും അപ്ഗ്രേഡ് ചെയ്യാനും സാധിക്കുമെന്ന് എപിക് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അജയ് ചൗധരി പറഞ്ഞു. മുമ്പ് സംസ്ഥാന സര്‍ക്കാരുകളും സ്‌കൂളുകളും വാങ്ങിയ നിരവധി ടാബ് ലെറ്റുകള്‍ രണ്ട് വര്‍ഷം കൊണ്ട് കേടുവന്നുവെന്നും റിപ്പയര്‍ ചെയ്യാന്‍ സാധിക്കുന്നതിലൂടെ ഇവേസ്റ്റുകളും ഉപഭോക്താവിനുള്ള ചിലവും കുറയ്ക്കാനാവുമെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു.
വിവിഡിഎന്‍, മീഡിയാടെക്ക്, കോറോവര്‍.എഐ എന്നിവരുമായി സഹകരിച്ചാണ് ‘മില്‍ക്കി വേ’ ടാബ് ലെറ്റ് വികസിപ്പിച്ചത്. ഭാരത് ജിപിടി, ഭാഷിണി തുടങ്ങിയ എഐ സംവിധാനങ്ങളും ഇതിലുണ്ട്. വിവിഡിഎന്‍, യുടിഎല്‍ തുടങ്ങിയ കമ്പനികളാണ് നിലവില്‍ ഈ ടാബ് ലെറ്റുകള്‍ നിര്‍മിക്കുക. രണ്ട് ലക്ഷം ടാബ് ലെറ്റുകള്‍ നിര്‍മിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ രൂപകല്‍പന ചെയ്തതാണെങ്കിലും ഇതില്‍ 50 ശതമാനം മാത്രമാണ് പ്രാദേശിക പങ്കാളിത്തം. ഇന്ത്യയില്‍ അനുബന്ധ ഉപകരണങ്ങളുടെ വിതരണ ശൃംഖലയുടെ വികാസത്തിന് അനുസരിച്ച് ഇതില്‍ വര്‍ധനവുണ്ടാവുമെന്നും ചൗധരി പറഞ്ഞു.
മീഡിയാടെക്ക് 8766 എ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ടാബ് ലെറ്റില്‍ 4 ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നിവയുണ്ടാവും. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാം. ആന്‍ഡ്രോയിഡ് 13 ഒഎസിലാണ് പ്രവര്‍ത്തനം. 8 ഇഞ്ച് ഐപിഎസ് ഡിസ്പ്ലേയ്ക്ക് 800×1280 പിക്സല്‍ റെസലൂഷനുണ്ട്. 3 എംപി ഫ്രണ്ട് ക്യാമറയും 8 എംപി റിയര്‍ ക്യാമറയുമാണിതില്‍. 5100 എംഎഎച്ച് ബാറ്ററിയാണ് മില്‍ക്കിവേ ടാബിനുള്ളത്. ബാറ്ററിയും ഡിസ്പ്ലേയും മാറ്റിവെക്കാന്‍ സാധിക്കും. നിലവില്‍ 4ജി കണക്ടിവിറ്റിയാണ് ടാബിനുള്ളത്. ബ്ലൂടൂത്ത് 5.0 യും പിന്തുണയ്ക്കും. അടുത്ത വേര്‍ഷനില്‍ 5ജി പിന്തുണയുണ്ടാകുമെന്നും കമ്പനി പറയുന്നു.
മില്‍ക്കി വേ ടാബ് രാജ്യത്തെവിടെയും റിപ്പയര്‍ ചെയ്ത് ഉപയോഗിക്കാനാവും. ഘടക ഭാഗങ്ങള്‍ക്ക് അധികം ചിലവ് വരില്ലെന്നും കമ്പനി ഉറപ്പുനല്‍കുന്നു. 9900 രൂപയാണ് മില്‍ക്കിവേ ടാബ് ലെറ്റിന് വില. ഫിനാന്‍സിംഗ് ഓപ്ഷനുകള്‍ ലഭിക്കും. ഐറിസ് വേവ് ആണ് ടാബ് ലെറ്റിന്റെ വിതരണവും സര്‍വീസും നടത്തുക. 12000 ടാബ് ലെറ്റുകള്‍ ഇതിനകം ഓര്‍ഡര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.