ആഴ്‌സണല്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ ആഴ്സണൽ. ഫിഫ ലോകകപ്പ് ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ മത്സരത്തിൽ വെസ്റ്റ്ഹാമിനെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ഗണ്ണേഴ്സ് തോൽപ്പിച്ചത്. 27-ാം മിനിറ്റിൽ ഒരു ഗോളിന് പിന്നിൽ പോയ ശേഷമാണ് ആഴ്‌സണല്‍ ശക്തമായി തിരിച്ചെത്തിയത്. 53-ാം മിനുറ്റില്‍ ബുക്കായ സാക്കയും 58-ാം മിനുറ്റില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയും 69-ാം മിനുറ്റില്‍ എഡ്ഡീ നെക്കേത്തിയായും ലക്ഷ്യം കണ്ടു. 16-ാം സ്ഥാനത്താണ് വെസ്റ്റ് ഹാം.
അതേസമയം ലിവര്‍പൂള്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് ആസ്റ്റണ്‍ വില്ലയെ തോല്‍പിച്ചു. 59-ാം മിനുറ്റില്‍ ഓല്ലീ വാറ്റ്‌കിന്‍സിന്‍റെ വകയായിരുന്നു ആസ്റ്റണിന്‍റെ ഏക ഗോള്‍. ലിവര്‍പൂളിനെ അഞ്ചാം മിനുറ്റില്‍ സൂപ്പര്‍ താരം മുഹമ്മദ് സലാ മുന്നിലെത്തിച്ചു. 37-ാം മിനുറ്റില്‍ വിര്‍ജില്‍ വാന്‍ ഡൈക്കും 81-ാം മിനുറ്റില്‍ സ്റ്റെഫാനും പട്ടിക പൂര്‍ത്തിയാക്കി. പന്തടക്കത്തിലും ആക്രമണത്തിലും ഒരുപോലെ മുന്നിട്ടുനിന്നാണ് ലിവറിന്‍റെ വിജയം. 15 കളിയില്‍ 25 പോയിന്‍റുമായി ആറാം സ്ഥാനക്കാരാണ് ലിവര്‍പൂള്‍.12-ാം സ്ഥാനക്കാരാണ് ആസ്റ്റണ്‍ വില്ല.
മറ്റൊരു മത്സരത്തില്‍ ടോട്ടനത്തെ സമനിലയിൽ ബ്രെന്‍റ്ഫോർഡ് തളച്ചു. ഇരു ടീമുകളും രണ്ട് ഗോൾ നേടി. രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ടോട്ടനം സമനില പിടിച്ചത്. ലീഗിൽ 30 പോയിന്‍റുമായി ടോട്ടനം നാലാം സ്ഥാനത്താണ്. മറ്റ് മത്സരങ്ങളിൽ ലെസ്റ്റർ സിറ്റിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് ന്യൂകാസിൽ യുണൈറ്റഡ് ലീഗിൽ സിറ്റിയെ മറികടന്ന് രണ്ടാം സ്ഥാനത്തേക്കുയർന്നു. എവർട്ടനെ വോൾവ്സും(2-1) ക്രിസ്റ്റൽപാലസിനെ ഫുള്‍ഹാമും(3-0) സതാംപ്റ്റണെ ബ്രൈറ്റനും(3-1) തോൽപ്പിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നും ആവേശ മത്സരങ്ങളുണ്ട്.