മാഞ്ചസ്റ്റര്‍: അച്ചടക്ക നടപടിയുടെ പേരില്‍ സൂപ്പര്‍ താരം മര്‍ക്കസ് റാഷ്ഫോര്‍ഡിനെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ കളിപ്പിക്കാതെ വോള്‍വ്സിനെതിരെ ഇറങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് രക്ഷിക്കാന്‍ ഒടുവില്‍ റാഷ്ഫോര്‍ഡ് തന്നെ ഇറങ്ങേണ്ടിവന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പുതുവര്‍ഷത്തലേന്ന് നടന്ന പോരാട്ടത്തില്‍ വോള്‍വ്സിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോയന്റ് പട്ടികയില്‍ ആദ്യ നാലില്‍ തിരിച്ചെത്തിയതിനൊപ്പം പുതുവര്‍ഷം ആഘോഷമാക്കി.
ആദ്യ പകുതിയില്‍ അലെജാന്‍ഡ്രോ ഗാര്‍നാച്ചോ സുവര്‍ണാവസരം പാഴാക്കിയപ്പോള്‍ യുണൈറ്റഡിന് അക്കൗണ്ട് തുറക്കാനായില്ല. നെല്‍സണ്‍ സെമെഡോയുടെ പ്രതിരോധപ്പിഴവില്‍ നിന്ന് ലഭിച്ച പന്തില്‍ ഗാര്‍ണാച്ചോ തൊടുത്ത ഗോളെന്നുറച്ച ഷോട്ട് വോള്‍വ്സ് ഗോള്‍ കീപ്പര്‍ ജോസെ സാ അത്ഭുകതരമായി രക്ഷപ്പെടുത്തിയിരുന്നു. തൊട്ടുപിന്നാലെ കാസിമെറോയുടെ ഹെഡ്ഡര്‍ ഡിഫ്ലക്ട് ചെയ്ത് പുറത്തേക്ക് പോകുകയും ക്ലോസ് റേഞ്ചില്‍ ലഭിച്ച അവസരം ആന്തണി മാര്‍ഷ്യല്‍ നഷ്ടമാക്കുകയും ചെയ്തതോടെയാണ് യുണൈറ്റഡിന് ആദ്യ പകുതിയില്‍ ഗോളില്ലാതെ കയറേണ്ടിവന്നത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലഭിച്ച ഫ്രീ കിക്കില്‍ വോള്‍വ്സ് താരം റൂബെന്‍ നെവെസ് തൊടുത്ത കിക്ക് ഡേവിഡ് ഗിയ പണിപ്പെട്ട് തട്ടിയകറ്റിയതോടെ ഈ വര്‍ഷം ആദ്യം ഓള്‍ഡ് ട്രാഫോര്‍ഡില്‍ വോള്‍വ്സിന് മുന്നില്‍ മുട്ടുമടക്കി നാണം കെട്ടതിന്റെ ഓര്‍മകള്‍ കോച്ച് എറിക് ടെന്‍ ഹാഗിനെ തുറിച്ചുനോക്കി. ഇതോടെ രണ്ടാം പകുതിയില്‍ ലീഗില്‍ യുണൈറ്റഡിന്റെ ടോപ് സ്കോററായ റാഷ്ഫോര്‍ഡിനെ കോച്ച് രംഗത്തിറക്കി.
കളി തീരാന്‍ 14 മിനിറ്റ് മാത്രം ശേഷിക്കെ വിജയഗോള്‍ നേടി റാഷ്ഫോര്‍ഡ് സീസണിലെ തന്റെ ഗോള്‍ നേട്ടം പത്താക്കി ഉയര്‍ത്തി. യുണൈറ്റഡിന്‍റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. ജയത്തോടെ ടോട്ടനത്തെ മറികടന്ന് യുണൈറ്റഡ് നാലാം സ്ഥാനത്തേക്ക് കയറി. പുതുവര്‍ഷ ദിനത്തില്‍ നാളെ ആസ്റ്റണ്‍വില്ലയെ ടോട്ടനം നേരിടുന്നുണ്ട്. ഉറങ്ങിപ്പോയതിനാല്‍ ടീം മീറ്റിംഗില്‍ സമയത്തിന് എത്താതിരുന്നതിന്റെ പേരിലാണ് റാഷ്ഫോര്‍ഡിനെതിരെ കോച്ച് എറിക് ടെന്‍ഹാഗ് അച്ചടക്ക നടപടിയെടുത്തത്.