തിരുവനന്തപുരം: 2025 ഓടുകൂടി സംസ്ഥാനത്ത് കുഷ്ഠരോഗ നിര്‍മ്മാര്‍ജനം ലക്ഷ്യമിടുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. രോഗത്തെ ഏത് അവസ്ഥയിലും ചികിത്സിച്ചു ഭേദമാക്കാം. 6 മുതല്‍ 12 മാസക്കാലത്തെ ചികിത്സ കൊണ്ട് കുഷ്ഠരോഗം പൂര്‍ണമായും ഭേദമാക്കാന്‍ സാധിക്കുന്നതാണ്. അതിനാല്‍ രോഗ ലക്ഷണമുള്ളവര്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
2021-22 വര്‍ഷം മാത്രം 302 കുഷ്ഠ രോഗികളെയാണ് കണ്ടെത്തി ചികിത്സ നല്‍കിയത്. 2020-21 വര്‍ഷത്തില്‍ 311 രോഗികളെയാണ് കണ്ടെത്തിയത്. നിലവില്‍ 460 രോഗികളാണ് ചികിത്സയിലുള്ളത്. രണ്ടു ഘട്ടങ്ങളിലായി വകുപ്പ് നടപ്പിലാക്കിയ ലെപ്രസി കേസ് ഡിറ്റക്ഷന്‍ ക്യാമ്പയിന്‍, സ്പര്‍ശ് ലെപ്രസി അവയര്‍നസ് ക്യാമ്പയിന്‍, ഈ വര്‍ഷങ്ങളില്‍ നടപ്പിലാക്കിയ സമ്പൂര്‍ണ കുഷ്ഠരോഗ നിര്‍മാര്‍ജന സര്‍വേ എന്നിവ പ്രകാരമാണ് ഈ രോഗികളെ കണ്ടെത്തി ചികിത്സ നല്‍കിയത്.