ഔദ്യോഗിക രേഖകളില്‍ കുറിപ്പെഴുതാന്‍ മഷി മായ്ക്കാവുന്ന ജപ്പാന്‍ പേന; ഋഷി സുനക് വിവാദത്തില്‍

ലണ്ടന്‍: ഔദ്യോഗിക കാര്യങ്ങള്‍ക്കായി ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് ഉപയോഗിക്കുന്ന പേനയെച്ചൊല്ലി വിവാദം. ഔദ്യോഗിക രേഖകളില്‍ കുറിപ്പെഴുതാന്‍ ഋഷി സുനക് ഉപയോഗിക്കുന്നത് മഷി മായ്ക്കാവുന്ന പേനയാണെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയത്. മായ്ക്കാവുന്ന മഷിയുള്ള ജപ്പാന്‍ നിര്‍മ്മിത പൈലറ്റ് ഫൌണ്ടന്‍ പേന സുനകിന്റെ കൈയ്യിലിരിക്കുന്ന ചിത്രങ്ങളും ഗാര്‍ഡിയന്‍ പത്രം പുറത്ത് വിട്ടിരുന്നു.

നേരത്തെ ധനമന്ത്രിയായിരുന്ന കാലത്തും സുനക് ഇത്തരത്തിലുള്ള പേനകളാണ് ഉപയോഗിച്ചിരുന്നതെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരം പേനകളുപയോഗിച്ച് സര്‍ക്കാര്‍ ഉത്തരവുകളില്‍ മാറ്റം വരുത്താന്‍ സാധിക്കുമെന്ന ആശങ്കയാണ് വിവാദങ്ങള്‍ക്ക് തുടക്കം. ഫയലുകളില്‍ കുറിപ്പെഴുതിയ ശേഷം ഇത് സര്‍ക്കാര്‍ ആര്‍ക്കൈവിലേക്ക് മാറ്റുമ്പോള്‍ എളുപ്പത്തില്‍ മായ്ച്ച് കൃത്രിമത്വം വരുത്താം എന്നാണ് ഉയരുന്ന ആരോപണം. രണ്ടാഴ്ച മുമ്പ് മന്ത്രിസഭാ യോഗത്തില്‍ ഔദ്യോഗിക കത്തുകളില്‍ ഒപ്പിടുമ്പോഴും, ഈ മാസം മോള്‍ഡോവയില്‍ നടന്ന യോഗത്തിലും മായ്ക്കാവുന്ന മഷി ഉപയോഗിച്ചുള്ള പേനയാണ് സുനക് ഉപയോഗിച്ചത്.

എന്നാല്‍ പ്രധാനമന്ത്രി ഇത്തരത്തില്‍ തെറ്റായ പ്രവൃത്തി ചെയ്യില്ലെന്നും പേന വളരെ വ്യാപകമായി പ്രചാരണത്തിലുള്ളതുമാണെന്നാണ് സുനക്കിന്റെ പ്രസ് സെക്രട്ടറി നല്‍കുന്ന വിശദീകരണം. അതേസമയം ഔദ്യോഗിക അന്വേഷണങ്ങള്‍ക്ക് കൈമാറിയ പേപ്പറുകളില്‍ നിന്ന് പ്രധാനമന്ത്രിയുടെ കൈയ്യെഴുത്ത് കുറിപ്പുകള്‍ മായ്ക്കപ്പെടുമോ എന്ന ആശങ്കയ്ക്ക് അദ്ദേഹം മറുപടി നല്‍കിയില്ല.

യുകെയില്‍ 4.75 പൗണ്ടിന് (495 രൂപ) ലഭിക്കുന്ന പേനയാണ് ജപ്പാന്‍ നിര്‍മ്മിത പൈലറ്റ് ഫൌണ്ടന്‍ പെന്‍ . ‘മഷി ഉപയോഗിച്ച് എഴുതാന്‍ പഠിക്കുന്നവര്‍ക്ക് അനുയോജ്യം, കാരണം നിങ്ങള്‍ ഒരു തെറ്റ് ചെയ്താല്‍, അവ മായ്ച്ച് തിരുത്താനാകും’ എന്ന പരസ്യ വാചകത്തോടെയാണ് പേന വിപണയില്‍ വില്‍പ്പനക്കെത്തുന്നത്.

Top