ഇസ്തംബുള്‍: രാജ്യത്തിന്റെ രാഷ്ട്രീയഭാവിയില്‍ നിര്‍ണായക മാറ്റങ്ങള്‍ വേണോ എന്നു തീരുമാനിക്കാന്‍ തുര്‍ക്കിയില്‍ ഇന്നു ഹിത പരിശോധന.
പ്രസിഡന്റിനു കൂടുതല്‍ അധികാരം നല്‍കണോ എന്നതിലാണ് വോട്ടിങ്.
ജനവിധി അനുകൂലമായാല്‍ നിലവിലെ പ്രസിഡന്റ് തയ്യിപ് എര്‍ദോഗന് കൂടുതല്‍ അധികാരം ലഭിക്കും. ഭരണത്തില്‍ എര്‍ദോഗന്റെ പിടി മുറുകുകയും ചെയ്യും. അങ്ങനെ വന്നാല്‍ ആധുനിക തുര്‍ക്കിയുടെ ചരിത്രത്തിലാദ്യമായി കൂടുതല്‍ അധികാരം ഒരു ഭരണാധികാരിയിലേക്കു കേന്ദ്രീകരിക്കുന്ന അവസ്ഥയാകും ഉണ്ടാകുക.
രാജ്യത്ത് നിലവിലുള്ള പാര്‍ലമെന്ററി ജനാധിപത്യത്തില്‍ നിന്നു പ്രസിഡന്‍ഷ്യല്‍ ഭരണത്തിലേക്കുള്ള മാറ്റമാണ് ജനഹിത പരിശോധനയിലൂടെ തയ്യിപ് എര്‍ദോഗന്‍ ലക്ഷ്യമിടുന്നത്. ജനവിധി അനുകൂലമായാല്‍ പ്രധാനമന്ത്രിയുടെ പദവി ഇല്ലാതാകും. പ്രസിഡന്റിന് നേരിട്ട് മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും നിയമിക്കാം, നിയന്ത്രിക്കാം. ജുഡീഷ്യറിയിലും പ്രസിഡന്റിന് അധികാരമുണ്ടാവും. ഏതുസമയത്തും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാവും.
ഇതിനെതിരെ ശക്തമായ എതിര്‍പ്പുമായി പ്രതിപക്ഷവും രംഗത്തുണ്ട്.
രാജ്യത്ത് ഏകാധിപത്യം സ്ഥാപിക്കാനുള്ള നീക്കമാണ് എര്‍ദോഗന്‍ നടത്തുന്നതെന്നാണ് വിരുദ്ധപക്ഷത്തിന്റെ വാദം. ശക്തമായ പ്രചാരണമാണ് ഇരുപക്ഷവും നടത്തിയത്.
2016 ല്‍ തുര്‍ക്കിയില്‍ നടന്ന സൈനിക അട്ടിമറി നീക്കം പരാജയപ്പെട്ടിരുന്നു. ഇതെത്തുടര്‍ന്ന് അരലക്ഷത്തോളം പേരെയാണ് സര്‍ക്കാര്‍ തടവിലാക്കിയത്. യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധനും വലതുപക്ഷക്കാരനുമായ എര്‍ദോഗന് കൂടുതല്‍ അധികാരം നല്‍കുന്നത് ജനാധിപത്യത്തെ അട്ടിമറിക്കാനാണെന്ന് രാജ്യാന്തര നിരീക്ഷകരും കരുതുന്നു.