കെ.വി തോമസ് ‘പേടിയിൽ’ യു.ഡി.എഫ്, എറണാകുളം പിടിച്ചെടുക്കാന്‍ സി.പി.എമ്മും !

റണാകുളത്ത് കെ.വി തോമസ് പാരവയ്ക്കുമോ എന്ന ആശങ്കയില്‍ യു.ഡി.എഫ് നേതൃത്വം

ലത്തീന്‍ കത്തോലിക്ക സഭ നേതൃത്വവുമായി ഏറെ അടുപ്പവും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വാധീനവും ഇപ്പോഴും കെ.വി തോമസിനുണ്ട്. ഈ സാധ്യത തോമസ് ഉപയോഗപ്പെടുത്തിയാല്‍ യു.ഡി.എഫാണ് വെട്ടിലാകുക. നിലവില്‍ ഡെപ്യൂട്ടി മേയര്‍ ടി.ജെ വിനോദിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനോട് സഭ നേതൃത്വം എങ്ങനെയാണ് പ്രതികരിക്കുക എന്ന കാര്യത്തില്‍ യു.ഡി.എഫില്‍ തന്നെ ആശങ്കയുണ്ട്.

ഇടതുപക്ഷ സ്ഥാനാര്‍ത്ഥി അഡ്വക്കേറ്റ് മനു റോയിയെ സംബന്ധിച്ച് സഭയുടെ നിലപാടും തനിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ്. ലത്തീന്‍ ഭൂരിപക്ഷമണ്ഡലത്തില്‍ ഹൈബി ഈഡന്‍ നേടിയ ഭൂരിപക്ഷമില്ലങ്കില്‍ പോലും ജയം യു.ഡി.എഫിനെ സംബന്ധിച്ച് അനിവാര്യമാണ്. കേരളത്തില്‍ യു.ഡി.എഫ് ജയിക്കുന്ന ആദ്യ മണ്ഡലങ്ങളിലൊന്നായാണ് കോണ്‍ഗ്രസ്സ് നേതൃത്വം എറണാകുളത്തെ വിലയിരുത്തിയിരിക്കുന്നത്.


പാളയത്തിലെ പാര ഒഴിവാക്കാന്‍ കെ.വി തോമസിന് യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം നല്‍കാമെന്ന വാഗ്ദാനം കെ.പി.സി.സി നേതൃത്വം മുന്നോട്ട് വച്ചിട്ടുണ്ട്. എന്നാല്‍ ഇതുകൊണ്ടൊന്നും കെ.വി തോമസ് തൃപ്തനല്ലന്നാണ് പുറത്ത് വരുന്ന വിവരം. ടി.ജെ വിനോദ് ഇവിടെ നിന്നും ജയിച്ചാല്‍ പിന്നെ അടുത്ത പൊതു തിരഞ്ഞെടുപ്പിലും അദ്ദേഹം തന്നെ മത്സരിക്കുമെന്നാണ് തോമസ് വിഭാഗം കരുതുന്നത്.

യു.ഡി.എഫിന് ഇനി ഒരു ഭരണ സാധ്യത ഉണ്ടെങ്കില്‍ വെല്ലുവിളിയാകുമെന്ന് കണ്ട് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ചേര്‍ന്നാണ് തോമസിനെ ഒതുക്കിയതെന്നാണ് അദ്ദേഹത്തിന്റെ അനുയായികളുടെ വാദം.

ലോകസഭ സീറ്റിന് പിന്നാലെ നിയമസഭ സീറ്റുകൂടി നിഷേധിക്കപ്പെട്ട വികാരം കെ.വി തോമസ് എങ്ങനെ പ്രകടിപ്പിക്കുമെന്നതാണ് രാഷ്ട്രീയ നിരീക്ഷകരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

ഹൈക്കമാന്റ് ഇടപെട്ട് തോമസിനെ പ്രചരണത്തിനിറക്കിയാല്‍ പോലും അദ്ദേഹം ‘പാര’ വയ്ക്കാനുള്ള സാധ്യത അപ്പോഴും വളരെ കൂടുതലാണ്.

അനവധി തവണ മന്ത്രിയായും എം.എല്‍.എയായും എം.പി യായും എറണാകുളത്തിന്റെ സ്പന്ദനം അറിയുന്ന നേതാവാണ് കെ.വി തോമസ്. അദ്ദേഹത്തിന്റെ ഈ പാരമ്പര്യം തന്നെയാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തെയും ഇപ്പോള്‍ ആശങ്കപ്പെടുത്തുന്നത്.

അതേസമയം പാലായിലെ പാലം തകര്‍ത്ത ആവേശത്തില്‍ പാലാരിവട്ടം പാലത്തില്‍ കൂടി കയറി പിടിച്ചിരിക്കുകയാണിപ്പോള്‍ ഇടതുപക്ഷം.

നഗരത്തിലെ പാലാരിവട്ടം മേല്‍പ്പാലും അഴിമതി എറണാകുളത്ത് പ്രധാന പ്രചരണ വിഷയമാണ്. മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് ഏത് നിമിഷവും അറസ്റ്റിലാകുമെന്നാണ് ഇടതുപക്ഷ അണികള്‍ കരുതുന്നത്. അങ്ങനെ വന്നാല്‍ യു.ഡി.എഫായിരിക്കും കൂടുതല്‍ പ്രതിരോധത്തിലാകുക. ആഭ്യന്തര പ്രശ്‌നത്തില്‍പ്പെട്ട് നട്ടം തിരിയുന്ന യു.ഡി.എഫിന് ഈ പാലം വിവാദവും ഇതിനകം തന്നെ വലിയ തലവേദനയായി കഴിഞ്ഞിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ക്ലൈമാക്സില്‍ പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് അറസ്റ്റ് ചെയ്യപ്പെടുമെന്നാണ് യു.ഡി.എഫ് നേതൃത്വം കരുതുന്നത്. ഇത്തരമൊരു സാഹചര്യം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു മണ്ഡലങ്ങളില്‍ ജനവികാരം എതിരാക്കാനാണ് കാരണമാവുക. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് എങ്ങനെ പ്രതിരോധിക്കുമെന്നതാണ് യു.ഡി.എഫ് നേതാക്കളിപ്പോള്‍ തല പുകഞ്ഞ് ആലോചിക്കുന്നത്.

രാഷ്ട്രീയ വിരോധം മുന്‍ നിര്‍ത്തിയാണ് ഇബ്രാഹിം കുഞ്ഞിനെ പ്രതിയാക്കിയതെന്ന് പറഞ്ഞാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് വിലപ്പോവാനും സാധ്യത കുറവാണ്. ഹൈക്കോടതി പോലും ‘പഞ്ചവടി’ പാലം എന്ന് വിശേഷിപ്പിച്ച പാലം അഴിമതിയെ ജനങ്ങളും ഗൗരവത്തോടെയാണ് നോക്കി കാണുന്നത്.

പാലാ ഉപതിരഞ്ഞെടുപ്പിലും ഇടതുപക്ഷം പാലാരിവട്ടം മേല്‍പ്പാലം അഴിമതി പ്രചരണ വിഷയമാക്കിയിരുന്നു. പാലാ കൈവിട്ട ഷോക്കില്‍ നില്‍ക്കുന്ന യു.ഡി.എഫിനെ സംബന്ധിച്ച് ഇനി മുന്‍ മന്ത്രി അറസ്റ്റിലാവുക കൂടി ചെയ്താല്‍ ‘പണി’ ശരിക്കും പാളും. പാലാരിവട്ടം പാലം നിര്‍മാണത്തില്‍ കരാറുകാരന് മുന്‍കൂറായി പണം അനുവദിച്ചതില്‍ ഇബ്രാഹിം കുഞ്ഞിന് ഗൂഢലക്ഷ്യമുണ്ടായിരുന്നതായാണ് വിജിലന്‍സിപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

നാലാംപ്രതിയും പൊതുമരാമത്ത് മുന്‍ സെക്രട്ടറിയുമായ ടി ഒ സൂരജിനെ ജയിലില്‍ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അധിക സത്യവാങ്മൂലത്തിലാണ് ഈ വിവരം ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍കൂര്‍ പണം നല്‍കാന്‍ മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞ് ഇടപെട്ടതിന്റെ രേഖകളും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്.

കരാറെടുത്ത ആര്‍ഡിഎസ് പ്രോജക്ടിന് മൊബിലൈസേഷന്‍ അഡ്വാന്‍സായി 8.25 കോടി രൂപ നല്‍കിയതിലൂടെ വര്‍ഷം തോറും പലിശയിനത്തില്‍ ഖജനാവിന് 56 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നാല് വര്‍ഷത്തിനിടയില്‍ 2.24 കോടിയാണ് കണക്കാക്കുന്ന നഷ്ടം. 2014ലെ അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ടില്‍ ഇത് വ്യക്തമാക്കിയതായും വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നുണ്ട്. പണം കൈമാറുന്നതിനായി ഇബ്രാഹിംകുഞ്ഞ് ഒപ്പിട്ട ഫയലുകളും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. കമ്പനി എം.ഡി സുമിത് ഗോയലിന്റെ അപേക്ഷയില്‍ ധ്രുദഗതിയിലാണ് കാര്യങ്ങള്‍ നടന്നിരിക്കുന്നത്.

റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനാണ് സുമിത് അപേക്ഷ നല്‍കിയിരുന്നത്. അവ അന്നത്തെ എം.ഡി എ.പി.എം മുഹമ്മദ് ഹനീഷ് വകുപ്പിന് കൈമാറുകയായിരുന്നു. മന്ത്രി പറഞ്ഞിട്ടാണ് പണം നല്‍കിയതെന്നാണ് ടി ഒ സൂരജ് കോടതിയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. വിജിലന്‍സിനും സമാന മൊഴിയാണ് നല്‍കിയിരിക്കുന്നത്. റിമാന്‍ഡില്‍ കഴിയുന്ന ടി ഒ സൂരജ് ഉള്‍പ്പെടെയുള്ളവരുടെ ജാമ്യഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെട്ടാണ് വിജിലന്‍സ് ഹൈക്കോടതിയിലിപ്പോള്‍ പുതുക്കിയ സത്യവാങ്മൂലവും നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കാര്യങ്ങള്‍ മുന്‍ മന്ത്രിയുടെ അറസ്റ്റിലേക്കെത്തുമെന്ന് തന്നെയാണ് നിയമ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.

POLITICAL REPORTER

Top