എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്

കോതമംഗലം: എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെ വീണ്ടും കേസ്. മൂവാറ്റുപുഴ ഡിവൈഎസ്പി എ ജെ തോമസിനെ ആക്രമിച്ചെന്നാണ് കേസ്.കോതമംഗലം പ്രതിഷേധത്തില്‍ മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസിനും രണ്ട് കേസുകളില്‍ ജാമ്യം ലഭിച്ചിരുന്നു. ഉപാധികളോടെയാണ് ജാമ്യം. 50000 രൂപയുടെ ബോണ്ട് കെട്ടിവെക്കണം. കുറ്റപത്രം സമര്‍പ്പിക്കും വരെയോ മൂന്ന് മാസം വരെയോ കോതമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കയറരുത്. സംസ്ഥാനം വിട്ടു പോവുകയുമരുത് എന്നതാണ് ഉപാധികള്‍.

ജാമ്യം ലഭിച്ച ഷിയാസിനെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ പൊലീസിന്റെ ശ്രമമുണ്ടായി. പൊതുമുതല്‍ നശിപ്പിച്ചെന്ന മറ്റൊരു കേസില്‍ ഷിയാസിനെ പ്രതിചേര്‍ത്തിരുന്നു. ഇതില്‍ ജാമ്യമെടുത്തിരുന്നില്ല. ഈ കേസില്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസ് കോടതിയിലെത്തിയത്. ഇതോടെ ഷിയാസും മാത്യു കുഴല്‍നാടനും കോടതി മുറിയില്‍ കയറി. പൊലീസ് കോടതി വരാന്തയില്‍ നിലയുറപ്പിച്ചു. ഇതിനിടെ ഷിയാസിനെ വിളിച്ചിറക്കിയ മാത്യു കുഴല്‍നാടന്‍ പൊലീസിനോട് പരസ്യമായി വാക്കേറ്റം നടത്തുകയും ചെയ്തു.

Top