കൊച്ചി: മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ സവാരി നടത്തുന്ന ഓട്ടോ ഡ്രൈവര്‍മാരെക്കുറിച്ചുള്ള പരാതികള്‍ ഓരോ ദിവസവും സംസ്ഥാനത്ത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ പരാതികള്‍ക്കൊരു പരിഹാരം കണ്ടെത്താന്‍ ഇപ്പോള്‍ സാക്ഷാല്‍ എറണാകുളം ജില്ലാ കലക്ടര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയാണ് മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ സവാരി നടത്തുന്ന ഓട്ടോക്കാരെ പിടികൂടാന്‍ കൊച്ചിയുടെ നിരത്തുകളില്‍ നേരിട്ടെത്തിയത്. മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, തോപ്പുംപടി, പള്ളുരുത്തി പ്രദേശങ്ങളിലെ ഓട്ടോക്കാര്‍ അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു മിന്നല്‍ പരിശോധനക്കായി കലക്ടര്‍ എത്തിയത്.
വെസ്റ്റ് കൊച്ചിയില്‍ 240 ഓട്ടോറിക്ഷകളാണ് പരിശോധിച്ചത്. ടാക്സ് അടയ്ക്കാതെ ഓടിയ 15 ഓട്ടോകളെ പിടികൂടി. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത 12 ഓട്ടോകളും ലൈസന്‍സില്ലാത്ത രണ്ട് ഓട്ടോകളും മീറ്ററില്ലാതെ ഓടിയ 12 ഓട്ടോകളും ഉദ്യോഗസ്ഥര്‍ പിടികൂടി. സംഭവങ്ങളില്‍ 41 ഓളം കേസുകളുമെടുത്തെന്നാണ് റിപ്പോര്‍ട്ട്.