ഭൂമി തരം മാറ്റാനുളള അപേക്ഷകളില്‍ സമയബന്ധിതമായി പരിഹാരം കാണണം: എറണാകുളം കളക്ടര്‍

എറണാകുളം : ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ടുള്ള അപേക്ഷകള്‍ വേഗത്തില്‍ പരിഹരിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടര്‍. അപേക്ഷകളില്‍ സമയബന്ധിതമായി പരിഹാരം കാണണമെന്ന് റവന്യു ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗത്തില്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ഭൂമി തരം മാറ്റലുമായി ബന്ധപെട്ട നടപടിക്രമങ്ങളില്‍ വന്ന കാലതാമസത്തെ തുടര്‍ന്ന് പറവൂരില്‍ മത്സ്യതൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെയാണ് ജില്ലാ കളക്ടറുടെ നിര്‍ദേശം.

ഓഫീസുകളില്‍ വരുന്ന ജനങ്ങളോട് സൗമ്യമായി പെരുമാറണം. ഒരാള്‍ക്കു പോലും ബുദ്ധിമുട്ട് ഉണ്ടാകരുത്. അപേക്ഷകളില്‍ ലളിതമാക്കേണ്ടത് സങ്കീര്‍ണ്ണമാക്കി മാറ്റരുത് . ആവശ്യം ന്യായമാണെന്നു ബോധ്യപ്പെട്ടാല്‍ മാനുഷിക പരിഗണനകൂടി കണക്കിലെടുത്ത് പരിഹാരം കാണണം.

ചിലര്‍ വരുത്തുന്ന പിഴവ് മുഴുവന്‍ ജീവനക്കാരെയുമാണു ബാധിക്കുന്നതെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി. ഭൂമി തരംതിരിവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ വേഗത്തിലാക്കുന്നതിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ ഒന്‍പത് അംഗ സബ് കമ്മിറ്റിയും രൂപീകരിച്ചു.

 

Top