നിപയെ നേരിടാൻ എറണാകുളം ജില്ലയിലെ ആരോഗ്യ വിഭാഗം പൂർണ്ണസജ്ജം; കളക്ടർ എൻ.എസ്. കെ ഉമേഷ്

കൊച്ചി: നിപയെ നേരിടാൻ എറണാകുളം ജില്ലയിലെ ആരോഗ്യ വിഭാഗം പൂർണ്ണസജ്ജമാണെന്നും എറണാകുളം കളക്ടർ എൻ.എസ്. കെ ഉമേഷ്. കളമശേരി മെഡിക്കൽ കോളേജിൽ ഐസോലേഷൻ വാർഡ് സജ്ജമാണ്. ഏതെങ്കിലും തരത്തിൽ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സാമ്പിൾ ഉടൻ ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വയറോളജി ലാബിലേക്ക് പരിശോധനയ്ക്കായി അയക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡെങ്കിപ്പനിക്കെതിരെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡെങ്കി കേസുകൾ കൂടി വരുന്ന കോർപ്പറേഷൻ, തൃക്കാക്കര, തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റികളിൽ ഫോഗിങ് പ്രവർത്തനങ്ങളും ഡ്രൈഡേ ആചരണവും നിരന്തരം നിരീക്ഷിച്ചു വരികയാണ്. കമ്മിറ്റികൾ കൂടി നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.

റൂറൽ, അർബൻ ഏരിയകളിൽ കാട് വെട്ടുമ്പോൾ കൂടുതൽ ശ്രദ്ധ കൊടുക്കുന്നുണ്ട്. മഴ കൂടുന്നത് അനുസരിച്ച് ഡെങ്കി പകരുന്നതിനുള്ള സാധ്യതകൾ കൂടുതലാണ്. അതുകൊണ്ടുതന്നെ ആരോഗ്യ വിഭാഗം, ആശാ വർക്കർമാർ, റസിഡൻസ് അസോസിയേഷനുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും കളക്ടർ നിർദേശിച്ചു.

അതേസമയം നിപാ ജാഗ്രതയുടെ ഭാഗമായി ബേപ്പൂർ ഹാർബർ അടയ്ക്കാൻ നിർദേശം. മത്സ്യബന്ധന ബോട്ടുകൾ ഇവിടെ അടുപ്പിക്കാനോ മീൻ ലേലം ചെയ്യാനോ പാടില്ലെന്ന് അറിയിപ്പ്. പകരം മത്സ്യബന്ധന ബോട്ടുകൾ വെള്ളയിൽ ഹാർബറിൽ അടുപ്പിക്കുകയും മീൻ ലേലം നടത്തുകയും വേണമെന്നാണ് നിർദേശം.

ബേപ്പൂർ മേഖലയിൽ ഏഴ് വാർഡുകളും അടച്ചു. 43, 44, 45,46,47,48, 51 വാർഡുകളാണ് അടയ്ക്കുന്നത്. ഈ വാർഡുകളിലേക്കുള്ള എല്ലാ റോഡുകളും അടയ്ക്കാനാണ് തീരുമാനം. കോഴിക്കോട്ടെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ ഒന്നാണ് ബേപ്പൂർ. ചെറുവണ്ണൂരിൽ നിപ സ്ഥിരീകരിച്ച രോഗിയുമായി സമ്പർക്കത്തിലുള്ള മേഖലകളാണ് അടച്ചത്.

Top