തിരുവനന്തപുരം: എറണാകുളത്ത് 3 മല്‍സ്യത്തൊഴിലാളികള്‍ തോണി മറിഞ്ഞു കാണാതായത് വേദനാജനകമായ വാര്‍ത്തയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫയര്‍ഫോഴ്സും രക്ഷാ പ്രവര്‍ത്തകരും തിരച്ചില്‍ ഊര്‍ജ്ജിതമായി നടത്തി കൊണ്ടിരിക്കുകയാണെന്നും തന്റെ ഫേസ്ബുക്ക് പേജില്‍ മുഖ്യമന്ത്രി കുറിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എറണാകുളത്ത് 3 മല്‍സ്യത്തൊഴിലാളികള്‍ തോണി മറിഞ്ഞു കാണാതായത് വളരെ വേദനാജനകമായ വാര്‍ത്തയാണ്. പുക്കാട് സ്വദേശി സിദ്ധാര്‍ഥന്‍, നായരമ്പലം സ്വദേശി സന്തോഷ്, പച്ചാളം സ്വദേശി സജീവന്‍ എന്നിവരെയാണ് കാണാതായത്. ഫയര്‍ഫോഴ്സും രക്ഷാ പ്രവര്‍ത്തകരും തിരച്ചില്‍ ഊര്‍ജ്ജിതമായി നടത്തി കൊണ്ടിരിക്കുകയാണ്.
ബംഗാള്‍ കടല്‍ തീരത്ത് ന്യൂനമര്‍ദ്ധം രൂപപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ അതി ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഇന്നും നാളെയും ചില ജില്ലകളില്‍ ദുരന്ത നിവാരണ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടലില്‍ പോകുന്നകരും കടല്‍ത്തീരത്ത് വസിക്കുന്നവരുമായവര്‍ എല്ലാവിധ കരുതലുകളും എടുക്കേണ്ടതാണ്.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും കേരളം അനുഭവിച്ച ദുരിതക്കയത്തില്‍ നിന്ന് മനുഷ്യജീവനുകളെ കരക്കെത്തിക്കാന്‍ മുന്നില്‍ നിന്നവരാണ് മല്‍സ്യത്തൊഴിലാളികള്‍. പ്രകൃതിക്ഷോഭങ്ങളെ അതിജീവിച്ച് കേരളത്തിന്റെ സ്വന്തം സൈന്യമായവരാണ് മല്‍സ്യത്തൊഴിലാളികള്‍. അവര്‍ തിരികെ വരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.