കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ വൃദ്ധരായവരെ ഉപേക്ഷിക്കുന്നതായി പരാതി. ഇവരെ ചികിത്സയ്‌ക്കെന്ന പേരിലാണ് മക്കൾ കൊണ്ടുവരുന്നതെന്നും, എന്നാൽ ആശുപത്രിയിൽ എത്തിച്ച ശേഷം മക്കൾ തിരിഞ്ഞു നോക്കാറില്ലെന്നുമാണ് പരാതി.
ആശുപത്രിയിൽ ഐസലേഷൻ വാർഡാണ് ആശ്രയ കേന്ദ്രം. ഓരോ വർഷവും ഉപേക്ഷിക്കപ്പെട്ടവരുടെ എണ്ണം കൂടിവരുകയാണ്. അത്യാഹിത വിഭാഗത്തിലാണ് വൃദ്ധരെ ഉപേക്ഷിക്കുന്നത്. ഇവരെ പിന്നീട് ഐസലേഷൻ വാർഡിലേക്ക് മാറ്റും. കോട്ടയം മെഡിക്കൽ കോളേജ്, മൂവാറ്റുപുഴ, ആലുവ തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നുള്ള രോഗികളും ഇവിടെയെത്താറുണ്ട്.
ഐസലേഷൻ വാർഡിൽ കിടന്ന് മരിക്കുന്നവരുണ്ടെന്നും, ബന്ധുക്കൾ എത്തിയില്ലെങ്കിൽ മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുനൽകുമെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. ഒരാഴ്ചയിൽ ശരാശരി പത്ത് രോഗികളുടെ സംരക്ഷണം ഇത്തരത്തിൽ ഏറ്റെടുക്കേണ്ടി വരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.