കൊച്ചി: എറണാകുളം ജില്ലയില്‍ ‘നിപ’ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും അത്തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ചികിത്സയിലുള്ള രോഗിയുടെ സ്രവങ്ങള്‍ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും മണിപ്പാലിലേക്കും അയച്ചിരിക്കുകയാണെന്നും അവരുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കുവെന്നും മന്ത്രി പറഞ്ഞു.
നിപയാണന്നതിന് വിദൂര സാധ്യത മാത്രമാണെന്നാണ് വിദഗ്ധരെല്ലാം പറയുന്നതെന്നും എങ്കിലും എല്ലാ മുന്‍ കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും രോഗിയെ ഐസലേറ്റ് ചെയ്തിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യവകുപ്പ് സെക്രട്ടറിയും ജില്ലാ കളക്ടറും കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ലക്ഷണങ്ങള്‍ കണ്ടാല്‍ പരിശോധിക്കുന്നത് സ്വഭാവിക നടപടി മാത്രമാണെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.
എറണാകുളത്തെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. കൊച്ചി പറവൂര്‍ സ്വദേശിയായ യുവാവിന് നിപ ബാധിച്ചത് സ്ഥിരീകരിച്ചതായാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. ഇതേ തുടര്‍ന്നാണ് മന്ത്രിയുടെ വിശദീകരണം.
നേരത്തെ ‘നിപ’ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ള പറഞ്ഞിരുന്നു. പനി ബാധിതരായി എത്തുന്ന രോഗികളില്‍ നിപയുടെ ലക്ഷണങ്ങള്‍ ഉണ്ടെന്നു തോന്നിയാല്‍ അത് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുന്നത് നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണ്. ഇതില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും കളക്ടര്‍ വ്യക്തമാക്കിയിരുന്നു.