തൃശ്ശൂര്‍: എറണാകുളം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസില്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ എട്ടര വര്‍ഷം വാടകയില്ലാതെ താമസിച്ചതിന് 9,49,500 രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് സിബിഐ ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കുവാന്‍ എറണാകുളം ജില്ലാ കളക്ടര്‍, പി.ഡബ്ല്യൂ.ഡി കെട്ടിട നിര്‍മാണ വിഭാഗം എക്‌സി. എഞ്ചിനീയര്‍ എന്നിവര്‍ക്ക് സംസ്ഥാന ആഭ്യന്തര സെക്രട്ടറി ഉത്തരവ് നല്‍കി.
മനുഷ്യവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
എറണാകുളം പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസിലെ 19,20 എന്നീ മുറികളില്‍ 1999 ഫെബ്രുവരി 16 മുതല്‍ ഒക്ടോബര്‍ 18 വരെയുള്ള 3165 ദിവസമാണ് സി.ബി.ഐ ഉദ്യോഗസ്ഥര്‍ സൗജന്യമായി താമസിച്ചത് നിയമവിരുദ്ധമാണെന്നും, 9,49,500 തിരിച്ചടക്കണമെന്നും ജോമോന്റെ പരാതിയില്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ഉത്തരവിട്ടിരുന്നു.
സി.ബി.ഐ ഉദ്യോഗസ്ഥര്‍ താമസിച്ച് പണമടക്കാത്തതിനെ കുറിച്ച് ജോമോന്റെ പരാതിയെ തുടര്‍ന്ന് 2014 ജൂലായ് 10ന് വിജിലസ് മിന്നല്‍ പരിശോധന നടത്തിയതിന്റെ റിപ്പേര്‍ട്ട് നല്‍കുവാന്‍ എറണാകുളം മധ്യമേഖലാ വിജിലസ് എസ്.പിയ്ക്ക് വിജിലസ് കോടതി ഫെബ്രുവരി 1ന് ഉത്തരവ് നല്‍കിയിരുന്നു.
കോടതിയുടെ ശക്തമായ ഇടപെടല്‍ മുന്നില്‍ കണ്ടാണ് സിബിഐയോട് പണം ഈടാക്കുവാന്‍ ആഭ്യന്തര സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയതെന്നാണ് സൂചന.
എറണാകുളത്തെ കേസ് ആയതിനാലും ജില്ലയില്‍ പുതുതായി വിജിലസ് കോടതി വന്നതിനാലും മൂവ്വാറ്റുപുഴ വിജിലന്‍സ് കോടതിയിലേക്ക് മാര്‍ച്ച് 31ന് കേസ് മാറ്റികൊണ്ടും ഉത്തരവായിട്ടുണ്ട്.