ന്യൂഡല്‍ഹി: ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഏറ്റവും വൃത്തിയുള്ള റെയില്‍വേസ്റ്റേഷനുകളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച് എറണാകുളം സൗത്തും ആലുവയും.
ഏറ്റവും വൃത്തിയുള്ള റെയില്‍വേ സ്റ്റേഷനായി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനേയും പഞ്ചാബിലെ ബീസ് റെയില്‍വേ സ്റ്റേഷനേയും തിരഞ്ഞെടുത്തു.
സ്റ്റേഷനുകളെ തിരക്കിന്റെ അടിസ്ഥാനത്തില്‍ എ1, എ എന്നിങ്ങനെ രണ്ടായി തിരിച്ചാണ് റാങ്കിംഗ് തയ്യാറാക്കിയത്. എ1 വിഭാഗത്തില്‍ 75 സ്റ്റേഷനുകളും എ വിഭാഗത്തില്‍ 407 സ്റ്റേഷനുകളുമുണ്ടായിരുന്നു.
രാജ്യത്തെ ഏറ്റവും തിരക്കുള്ള 75 റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നാണ് വിശാഖപട്ടണം (853 പോയിന്റ്) ഈ ബഹുമതി സ്വന്തമാക്കിയത്. തെലങ്കാനയിലെ സെക്കന്തരാബാദ് സ്റ്റേഷനാണ് (841) വൃത്തിയില്‍ രണ്ടാമത്.
എ വിഭാഗത്തില്‍ പഞ്ചാബിലെ ബീസ് (874) ഏറ്റവും വൃത്തിയുള്ള സ്‌റ്റേഷനായി തിരഞ്ഞെടുക്കപ്പോള്‍ ആന്ധ്രയിലെ ഖമ്മം സ്റ്റേഷനാണ് (851) രണ്ടാമത്.
കേരളത്തിലെ റെയില്‍വേ സ്‌റ്റേഷനുകളില്‍ എ1 വിഭാഗത്തില്‍ എറണാകുളം സൗത്ത് 34ാം റാങ്ക് നേടിയപ്പോള്‍ (695 പോയിന്റ്) തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന്‍ പട്ടികയിലെ അവസാന അഞ്ചില്‍ 71ാം സ്ഥാനത്തെത്തി (557). കോഴിക്കോട് 40ാം റാങ്കും (687), തൃശ്ശൂര്‍ 52ാം റാങ്കും (635) സ്വന്തമാക്കി.
എ വിഭാഗത്തില്‍ ദേശീയതലത്തില്‍ 61ാം റാങ്ക് നേടിയ ആലുവയാണ് പോയിന്റ് അടിസ്ഥാനത്തില്‍ കേരളത്തിലെ ഏറ്റവും വൃത്തിയുള്ള സ്‌റ്റേഷന്‍ (719). തലശ്ശേരി 75ാം റാങ്കും(712), കോട്ടയം 102ാം റാങ്കും (683) നേടി.
ബീഹാറിലെ ദര്‍ബഹങ്ക സ്റ്റേഷനും (എ1 വിഭാഗം), ജോഗ്ബനി (എ വിഭാഗം) സ്‌റ്റേഷനുമാണ് ഏറ്റവും വൃത്തിഹീനമായ റെയില്‍വേ സ്റ്റേഷനുകള്‍.
പ്ലാറ്റ്‌ഫോമുകളിലെ ടോയ്‌ലറ്റുകളിലെ വൃത്തി, ട്രാക്കുകളിലെ ശുചിത്വം, വേസ്റ്റ് ബാസ്‌കറ്റുളുടെ സാന്നിധ്യം, ശുചിത്വജീവനക്കാരുടെ പ്രവര്‍ത്തനം തുടങ്ങി വിവിധ ഘടകങ്ങള്‍ക്കോപ്പം പൊതുജനങ്ങളുടെ വിലയിരുത്തലും പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്.