es bijimol mla – kerala high court

കൊച്ചി: ഇടുക്കി എഡിഎമ്മിനെ ആക്രമിച്ച കേസില്‍ പ്രതിയായ ഇ.എസ്. ബിജിമോള്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യേണ്ടതില്ല എന്ന പൊലീസ് റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് കോടതി നിരീക്ഷിച്ചു.

സെഷന്‍സ് കോടതി വിചാരണ ചെയ്യേണ്ട കേസിലെ പ്രതിയാണ് ബിജിമോള്‍. അതിനാല്‍ തന്നെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചത് വീഴ്ചയാണ്. സംസ്ഥാന പൊലീസ് മേധാവി തന്നെ ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ബിജിമോളില്‍ നിന്നും വിശദമായി മൊഴിയെടുത്തെന്നും ഈ കേസില്‍ ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്നുമാണ് ഹൈക്കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് ജസ്റ്റിസ് ബി. കെമാല്‍ പാഷ തള്ളുകയായിരുന്നു. ബിജിമോളെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും കോടതി ചോദിച്ചു.

ബിജിമോള്‍ എംഎല്‍എയുടെ അറസ്റ്റിനു തടസം എന്തെന്നു ഹൈക്കോടതി കഴിഞ്ഞ തവണയും ചോദിച്ചിരുന്നു. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നു ജസ്റ്റിസ് ബി. കെമാല്‍പാഷ പരാമര്‍ശിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് എസ്റ്റേറ്റിന്റെ ഗേറ്റ് പുനഃസ്ഥാപിക്കാനെത്തിയ ഇടുക്കി എഡിഎമ്മിനെ എംഎല്‍എ ആക്രമിച്ചതാണു കേസ്. കൂടുതല്‍ തെളിവു ശേഖരിക്കാനില്ലാത്തതു കൊണ്ടാണു പ്രതികളെ അറസ്റ്റ് ചെയ്യാത്തതെന്നു ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം. ജോണ്‍സണ്‍ ജോസഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹൈക്കോടതി ഉത്തരവു നടപ്പാക്കാന്‍ ജില്ലാ കലക്ടര്‍ നിയോഗിച്ച പ്രകാരം 2015 ജൂലൈ മൂന്നിനു പൊലീസ്, റവന്യു ഉദ്യോഗസ്ഥര്‍ക്കൊപ്പം സ്ഥലത്തെത്തിയ തന്നെ എംഎല്‍എ ആക്രമിച്ചെന്നാണ് എഡിഎമ്മിന്റെ പരാതി. ശരിയായ അന്വേഷണം നടക്കുന്നില്ലെന്ന് ആരോപിച്ച് എഡിഎം മോന്‍സി പി. അലക്‌സാണ്ടര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ 2015 സെപ്റ്റംബര്‍ ഏഴിന് കോടതി ക്രൈംബ്രാഞ്ച് അന്വേഷണം നിര്‍ദേശിച്ചു. മൂന്നു മാസം കഴിഞ്ഞിട്ടും പുരോഗതിയില്ലെന്ന് ആരോപിച്ച് എഡിഎം വീണ്ടും കോടതിയിലെത്തുകയായിരുന്നു.

Top