ഇനി ഇഎസ്ഐ അംഗങ്ങൾക്ക് സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടാം

ന്യൂഡൽഹി: അടിയന്തര സാഹചര്യങ്ങളിൽ ഇഎസ്ഐ പദ്ധതിയിലെ അംഗങ്ങൾക്ക് ഇനി മുതൽ 10 കിലോമീറ്റര്‍ പരിധിയിൽ ഇഎസ്ഐ പട്ടികയിൽ ഉൾപ്പെടുന്നതോ അല്ലാത്തതോ ആയ സ്വകാര്യ ആശുപത്രികളിൽ നേരിട്ട് ചികിത്സ തേടാനാവും. നിലവിലെ സാഹചര്യത്തിൽ ഇൻഷുറൻസ് ഉള്ള വ്യക്തിയ്‍ക്കോ കുടുംബാംഗങ്ങൾക്കോ അപകടം ഉണ്ടായാൽ ഇഎസ്ഐസി ഡിസ്പെൻസറികളിലോ, ആശുപത്രികളിലോ ആണ് ആദ്യം ചികിത്സ തേടേണ്ടത്. പിന്നീട് ആശുപത്രിയിൽ നിന്ന് റെഫര്‍ ചെയ്യുന്നതിന് അനുസരിച്ചാണ് ഇഎസ്ഐ അധിഷ്ഠിത ആശുപത്രികളിലോ മറ്റ് സ്വകാര്യആശുപത്രികളിലോ തുടര്‍ ചികിത്സ ലഭിയ്ക്കുന്നത്.

ട്രേഡ് യൂണിയൻ കോ-ഓര്‍ഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി എസ് പി തിവാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇഎസ്ഐ പട്ടികയിലുള്ള സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സയാണ് ലഭിക്കുക. പട്ടികയിൽ ഇല്ലാത്ത ആശുപത്രികളിലെ ചികിത്സാ തുക സെൻട്രൽ ഗവൺമെൻറ് ഹെൽത്ത് സര്‍വീസ് നിര്‍ദേശ പ്രകാരം ലഭിയ്ക്കും. പട്ടികയിൽ ഉൾപ്പെട്ട ആശുപത്രികളിൽ തന്നെ അംഗങ്ങൾക്ക് ഉന്നത ഗുണനിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ നൽകുന്നതിനുള്ള നടപടികൾ പുരോഗമിയ്ക്കുകയാണ്. 26 ആശുപത്രികൾ ആണ് പുതുതായി നിര്‍മാണത്തിലുള്ളത്. നിലവിൽ 110-ഓളം സ്വകാര്യ ആശുപത്രികൾ ഇഎസ്ഐസി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇഎസ്ഐസിയ്ക്ക് കീഴിലെ അടൽ ഭീമിത് വ്യക്തി കല്യാൺ യോജനയ്ക്ക് കീഴിൽ ധന സഹായത്തിനായി അപേക്ഷിയ്ക്കണ്ട അവസാന തിയതി 2021 ജൂൺ 30ലേയ്ക്ക് നീട്ടിയിരിക്കുകയായണ്..

Top