പൊന്നാനി ഇടതുപക്ഷം പിടിക്കുമെന്ന ഭയം ലീഗിൽ ശക്തം, മലപ്പുറത്തേക്ക് മാറാൻ ഇടി മുഹമ്മദ് ബഷീർ

ലോകസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ മലബാറിൽ നിന്നും പുറത്തു വരുന്ന ഒരു പ്രധാന വാർത്ത പൊന്നാനി എം.പിയായ ഇ.ടി മുഹമ്മദ് ബഷീർ ഇത്തവണ മലപ്പുറത്തേക്ക് കൂട് മാറുമെന്നതാണ്. പകരം കെഎം ഷാജി പൊന്നാനിയിൽ മത്സരിക്കുമെന്നാണ് മീഡിയാ വൺ പുറത്തുവിട്ട വാർത്തയിൽ പറയുന്നത് ഈ വാർത്ത സ്ഥിരീകരിക്കാനോ തള്ളിക്കളയാനോ ഇതുവരെ ലീഗ് നേതൃത്വം തയ്യാറായിട്ടില്ല. ഇടി മലപ്പുറത്തു മത്സരിക്കുമെന്ന സൂചന തന്നെയാണ് ലീഗ് കേന്ദ്രങ്ങളും നൽകുന്നത്. കെ എം ഷാജി അതല്ലങ്കിൽ പി.കെ ഫിറോസ് പൊന്നാനിയിൽ മത്സരിക്കണമെന്നതാണ് യൂത്ത് ലീഗിന്റെയും അഭിപ്രായം. അവരത് ലീഗ് നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്.

et muhammad basheer

എന്തു കൊണ്ടാണ് ഇടി മുഹമ്മദ് ബഷീറിനെ പോലെയുളള ലീഗിന്റെ ഉന്നത നേതാവ് പൊന്നാപുരം കോട്ടയായ പൊന്നാനി വിട്ട് മലപ്പുറത്തേക്ക് ചേക്കേറുവാൻ ശ്രമിക്കുന്നത് എന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്. അതാകട്ടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടുകളുമാണ്. കേവലം പതിനായിരത്തിൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകൾ വച്ചു പരിശോധിച്ചാൽ പൊന്നാനി മണ്ഡലത്തിൽ ലീഗിനുള്ളത്. യു.ഡി.എഫ് നേതൃത്വത്തെ ആശങ്കപ്പെടുത്തുന്ന കണക്കാണിത്.

1,81,569 വോട്ടുകളുടെ ഭൂരിപക്ഷത്തിന് 2019 -ൽ ലീഗ് വിജയിച്ച പൊന്നാനി ലോകസഭ മണ്ഡലത്തിലെ പുതിയ മാറ്റം സിറ്റിംഗ് എം.പിയായ ഇടി മുഹമ്മദ് ബഷീറിന്റെയും ഉറക്കം കെടുത്തുന്നതാണ്. ഇടതുപക്ഷം ഒന്നു ആഞ്ഞുപിടിച്ചാൽ പൊന്നാനി ലോകസഭ മണ്ഡലത്തെയും ചുവപ്പിക്കാൻ പറ്റുമെന്ന മുന്നറിയിപ്പു കൂടി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നൽകുന്നുണ്ട്. ഈ യാഥാർത്ഥ്യം ഉൾകൊണ്ട് ഇടി മുഹമ്മദ് ബഷീർ തന്നെയാണ് പൊന്നാനിയിൽ നിന്നും മാറി മലപ്പുറത്ത് മത്സരിക്കാൻ ശ്രമിക്കുന്നത്.

മലപ്പുറം സീറ്റിലെങ്കിൽ പൊന്നാനിയിൽ മത്സരിക്കാനില്ലന്ന നിലപാടിലാണ് മലപ്പുറം എം.പി അബ്ദു സമദ് സമദാനിയും ഉള്ളത്. അദ്ദേഹത്തിന് ഇത്തവണ തിരഞ്ഞെടുപ്പു രംഗത്തു നിന്നും മാറി നിൽക്കേണ്ടി വന്നേക്കും. ഇടി മാറിയാൽ പകരം ആര് എന്ന ചോദ്യമാണ് കെ.എം ഷാജിയിലേക്കും പി.കെ ഫിറോസിലേക്കും ചർച്ചകൾ നീങ്ങുന്നത്. ലീഗിലെ മുനീർ വിഭാഗം നേതാവായ കെ.എം.ഷാജിയെ ഒതുക്കുവാൻ ശ്രമിക്കുന്ന കുഞ്ഞാലിക്കുട്ടി വിഭാഗമാണ് കെ.എം ഷാജി പൊന്നാനിയിൽ മത്സരിക്കണമെന്ന് വാശിപിടിക്കുന്നത്.

ഷാജി ജയിച്ചാലും തോറ്റാലും കേരള രാഷ്ട്രീയത്തിൽ നിന്നും ഒതുക്കാൻ കഴിയുമെന്നു കണ്ടാണ് തന്ത്രപരമായ ഈ നീക്കം നടത്തുന്നത്. വിജയിച്ചാൽ ഷാജിയുടെ തട്ടകം പിന്നെ ഡൽഹിയായി മാറും. തോറ്റാൽ ലീഗിന്റെ പൊന്നാപുരം കോട്ട നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിന്റെ മാത്രം തലയിലാകുകയും ചെയ്യും. “അകറ്റുക, അതല്ലങ്കിൽ ഒതുക്കുക” എന്നതു തന്നെയാണ് കെ എം ഷാജി വിരുദ്ധർ പയറ്റുന്ന തന്ത്രം. അതാകട്ടെ ഇപ്പോൾ വ്യക്തവുമാണ്.

ലീഗിലെ സ്ഥിതി ഇതാണെങ്കിൽ ഇടതുപക്ഷത്തെ അവസ്ഥ വ്യത്യസ്തമാണ്. സി.പി.എമ്മിനെ സംബന്ധിച്ച് പൊന്നാനിയിൽ ഇത്തവണ വിജയിക്കുക എന്നത് ഒരു വാശിയാണ്. അതിനു കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല സ്ഥാനാർത്ഥിയെ തന്നെ രംഗത്തിറക്കാനാണ് തീരുമാനം. മന്ത്രി വി. അബ്ദുറഹിമാനാണ് ഇടതുപക്ഷ ലിസ്റ്റിലെ പ്രധാന പേരുകാരനെങ്കിലും ഷാജിയോ ഫിറോസോ വരികയാണെങ്കിൽ കരുത്തനായ യുവതുർക്കിയെ തന്നെ സി.പി.എമ്മും രംഗത്തിറക്കിയേക്കും. മലപ്പുറം ലോകസഭ ഉപതിരഞ്ഞെടുപ്പിൽ ലീഗിനെ വിറപ്പിച്ച വിദ്യാർത്ഥി നേതാവ് വി.പി സാനുവിനെ പൊന്നാനിയിലേക്ക് മാറ്റി പരീക്ഷിക്കാൻ സി.പി.എം തയ്യാറായാലും അത്ഭുതപ്പെടേണ്ടതില്ല.

നിലവിൽ കോഴിക്കോട് ലോകസഭ സീറ്റിലേക്കും എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റു കൂടിയായ സാനുവിന്റെ പേര് ചർച്ചകളിൽ ഇടംപിടിച്ചിട്ടുണ്ട്. പൊന്നാനിയിൽ നിന്നും ഇടി മാറിയാൽ സാനുവിനെ ഇടതുപക്ഷം രംഗത്തിറക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ മലപ്പുറം ലോകസഭ ഉപതിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിന് സാനു നഷ്ടപ്പെടുത്തിയത് ഒന്നര ലക്ഷത്തോളം വോട്ടുകളാണ്. ഇതിൽ ഒരു ലക്ഷത്തോടടുത്ത് പുതിയ വോട്ടുകൾ നേടിയിരിക്കുന്നതും സാനു തന്നെയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിനോടൊപ്പം നടന്ന മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ മികച്ച വാഗ്മി കൂടിയായ എം.പി.അബ്ദുസമദ് സമദാനിയുടെ ജയത്തിന്റെ മാറ്റ് കുറക്കുന്നതാണ് സാനുവിന്റെ മിന്നും പ്രകടനം. മുന്‍ വര്‍ഷത്തേക്കാള്‍ വന്‍ ഇടിവാണ് മണ്ഡലത്തില്‍ ലീഗിനുണ്ടായത്. 2019-ല്‍ 2,60,153 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചിടത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 1,14,615 വോട്ടുകൾക്കു മാത്രമാണ് സമദാനി ജയിച്ചുകയറിയത്. ഏകദേശം ഒന്നര ലക്ഷത്തോടടുത്ത് വോട്ടാണ് കുറവ് സംഭവിച്ചിരിക്കുന്നത്.

2019-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ മുസ്‍ലിം ലീഗിന്റെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞത് രാഷ്ട്രീയ കേന്ദ്രങ്ങളെയാകെ അമ്പരപ്പിച്ച സംഭവമാണ്. പി.കെ.കുഞ്ഞാലിക്കുട്ടിയായിരുന്നു 2019-ല്‍ മലപ്പുറത്ത് നിന്നും മത്സരിച്ചിരുന്നത്. അന്ന് കുഞ്ഞാലിക്കുട്ടി പരാജയപ്പെടുത്തിയ വിപി സാനു തന്നെയാണ് ഉപതിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിനു വേണ്ടി മണ്ഡലത്തില്‍ മത്സരിച്ചിരുന്നത്. 2019-ൽ നേടിയതിനേക്കാള്‍ 93913 വോട്ടുകളാണ് ഉപതിരഞ്ഞെടുപ്പിൽ സാനു അധികമായി നേടിയിരിക്കുന്നത്.

ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ച എ.പി.അബ്ദുള്ളക്കുട്ടിക്കും 2019 -ൽ ബി.ജെ.പിക്ക് ലഭിച്ചയത്രയും വോട്ടുകൾ ലഭിച്ചിട്ടില്ല. പി.കെ.കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കുന്നതിനായി രാജിവെച്ച ഒഴിവിലേക്കാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നത്. വേങ്ങര എം.എല്‍.എ ആയിരിക്കെയാണ് 2017ല്‍ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. മലപ്പുറം എം.പി ആയിരുന്ന ഇ അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്നായിരുന്നു അത്.

പിന്നീട് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്നും തെരഞ്ഞെടുക്കപ്പെട്ടു. ഇതിന് ശേഷം നടന്ന 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെച്ചിരുന്നത്. ഇപ്പോഴും ലീഗിലെ പ്രധാന അധികാര കേന്ദ്രമാണ് കുഞ്ഞാലിക്കുട്ടി. അതു കൊണ്ടു തന്നെ പൊന്നാനിയിൽ ആര് മത്സരിക്കണമെന്നു തീരുമാനിക്കുന്നതിലും സാദിഖലി തങ്ങളെ പോലെ തന്നെ കുഞ്ഞാലിക്കുട്ടിക്കും റോളുണ്ടാകും.

ഇ.ടി മാറിയാൽ കെ എം ഷാജി അല്ലാതെ മറ്റൊരു ഓപ്ഷൻ ലീഗിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധർക്കു പോലും പെന്നാനിയിലേക്ക് ചൂണ്ടിക്കാണിക്കാൻ ഉണ്ടാകുകയില്ല. മുനീർ വിഭാഗത്തിന്റെ ഉറക്കം കെടുത്തുന്നതും ഈ യാഥാർത്ഥ്യം തന്നെയാണ്. ഷാജി മത്സരിച്ചാൽ ലീഗിലെ ഒരു വിഭാഗം പാലം വലിക്കുമോ എന്ന ഭയവും മുനീർ വിഭാഗത്തിൽ ശക്തമാണ്. പൊന്നാനി ലോകസഭ മണ്ഡലം കൈവിട്ടാൽ ലീഗിന്റെ കൗണ്ടൗണും അവിടെ നിന്നാണ് തുടങ്ങുക. അങ്ങനെ സംഭവിച്ചാൽ പിന്നീട് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പിടിച്ചു നിൽക്കാൻ ലീഗിനു സാധിച്ചെന്നു വരികയില്ല.

EXPRESS KERALA VIEW

Top