ആസിഫയുടെ പിതാവിനെ ആശ്വസിപ്പിക്കാന്‍ ഇ ടി മുഹമ്മദ് ബഷീര്‍ എം.പി ജമ്മുവിലേക്ക്

basheer

തിരുവനന്തപുരം: കശ്മീരിലെ കത്തുവായില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയായ ആസിഫയുടെ മാതാപിതാക്കളെ കാണാന്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ജമ്മുവിലേക്ക്. നാളെ പുലര്‍ച്ചെ അദ്ദേഹം ജമ്മുവില്‍ എത്തിച്ചേരും. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനെ സന്ദര്‍ശിക്കും.

‘ആസിഫയുടെ വിയോഗത്തില്‍ വേദനിക്കുന്ന പിതാവിനെ ആശ്വസിപ്പിക്കണം, ഇന്ത്യയിലെ ഓരോ മനുഷ്യ സ്‌നേഹിയും അവരോടൊപ്പമുണ്ടെന്നും, മുസ്ലിം ലീഗ് നല്‍കുന്ന നിയമ സഹായങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യണമെന്നും’ അദ്ദേഹം പറഞ്ഞു.

കത്തുവായിലെ പെണ്‍കുട്ടിയുടെ മരണത്തില്‍ രാജ്യം മുഴുവന്‍ പ്രതിഷേധ രോഷത്തിലാണെന്നും രാജ്യമെങ്ങും അവളുടെ നീതിക്കായി പ്രാര്‍ഥനാ നിരതരാണെന്നും അദ്ദേഹം പറഞ്ഞു.

ആസിഫയുടെ കുടുംബാംഗങ്ങളെ കാണുന്നതോടൊപ്പം ഇ ടി മുഹമ്മദ് ബഷീര്‍ സുജ്മ നര്‍വാള്‍ മുതല്‍ ഗാന്ധിനഗര്‍ വരെ നടക്കുന്ന സമാധാന റാലിയില്‍ പങ്കെടുക്കും. ആസിഫയ്ക്ക് നീതി കിട്ടണമെന്നാവശ്യപ്പെട്ട് മുന്നൂറോളം പേരാണ് ഈ റാലിയില്‍ അണിനിരക്കുന്നത്.

മുഹമ്മദ് കോയ തിരുന്നാവായ, ലത്തീഫ് രാമനാട്ടുകര, റഷീദ് മൂര്‍ക്കനാട്, അഷ്റഫ് അറപ്പുഴ, സിറാജ് നദ്വി, അഷ്റഫ് ഹുദവി എന്നിവരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

Top