ഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരായ പാര്‍ലമെന്റ് എത്തിക്‌സ് കമ്മറ്റി റിപ്പോര്‍ട്ട് ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. ചോദ്യക്കോഴ ആരോപണത്തില്‍ മഹുവ മൊയ്ത്രക്ക് ഗുരുതരമായ പിഴവ് സംഭവിച്ചു എന്നും മഹുവയെ അയോഗ്യയാക്കണം എന്നുമാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. എത്തിക്‌സ് കമ്മറ്റി സ്പീക്കര്‍ ഓം ബിര്‍ളക്ക് സമര്‍പ്പിച്ചറിപ്പോര്‍ട്ടാണ് സഭയില്‍ ചര്‍ച്ചക്ക് വരുക.
വിഷയത്തില്‍ വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടേക്കും. ബിജെപി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ എംപിമാര്‍ക്ക് ഇന്ന് സഭയില്‍ ഹാജരാകാനുള്ള വിപ്പ് നല്‍കിയിട്ടുണ്ട്. പാര്‍ലമെന്ററി ലോഗിന്‍ വിവരങ്ങള്‍ വ്യവസായി ദര്‍ശന്‍ ഹീരാനന്ദാനിക്ക് കൈമാറിയിട്ടുണ്ടെന്ന് സമ്മതിച്ച മഹുവാ മൊയ്ത്ര എന്നാല്‍ ചോദ്യം ചോദിക്കാന്‍ പണം വാങ്ങിയെന്ന ആരോപണം തള്ളിയിരുന്നു.
റിപ്പോര്‍ട്ട് ലോക്‌സഭയില്‍ ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ഇന്ന് സഭയില്‍ നിര്‍ബന്ധമായും ഹാജരാകാന്‍ നിര്‍ദേശിച്ച് പാര്‍ട്ടി എംപിമാര്‍ക്ക് ബിജെപി വിപ്പ് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് സഭ പാസാക്കിയാല്‍ ഉടന്‍ മഹുവ അയോഗ്യയാകും. ജമ്മുകശ്മീര്‍ പുനഃസംഘടന ഭേദഗതി ബില്ലും, ജമ്മുകശ്മീര്‍ സംവരണ ഭേദഗതി ബില്ലും ഇന്ന് രാജ്യ സഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷ അവതരിപ്പിക്കും.