സിംബാബ്‌വേ: മുപ്പതിനായിരം വെളുത്ത വംശജര്‍ സിംബാബ്‌വേയില്‍ നിന്ന് പലായനം ചെയ്തു. വംശീയ വിദ്വേഷം രൂക്ഷമായതിനെ തുടര്‍ന്നാണ് വെളുത്ത വംശജര്‍ കൂട്ടമായി രാജ്യം ഉപേക്ഷിച്ചത്. അതിനിടെ ജനങ്ങളുടെ കൊഴിഞ്ഞു പോക്ക് തടയുന്നത് ലക്ഷ്യമിട്ട് പ്രസിഡന്റ് എമേര്‍സണ്‍ മാന്‍ഗ്വാഗ്‌വെ രംഗത്തെത്തി.
രാജ്യത്തിന്റെ ജനാധിപത്യത്തെയും രാഷ്ട്രീയത്തെയും ദോഷകരമായി ബാധിച്ചതോടെയാണ് വിഷയത്തില്‍ ഇടപെട്ട് പ്രസിഡന്റ് എമേര്‍സണ്‍ മാന്‍ഗ്വാഗ്‌വെ രംഗത്തെത്തിയത്. തലസ്ഥാനമായ ഹരാരയില്‍ ശനിയാഴ്ച നടന്ന യോഗത്തില്‍ അദ്ദേഹം വെളുത്ത വംശജരെ അഭിസംബോധന ചെയ്തു സംസാരിച്ചു. തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ രാജ്യത്ത് എല്ലാവര്‍ക്കും സംരക്ഷണം ഉറപ്പ് വരുത്തുമെന്ന് പറഞ്ഞ എമേര്‍സണ്‍ വംശീയത ശക്തമായതിനു പിന്നില്‍, തന്റെ മുന്‍ഗാമിയുടെ ഇടപെടലുകളാണെന്ന് കുറ്റപ്പെടുത്തി.
തങ്ങളുടെ ജീവനും സ്വത്തിനും തന്നെ ഭീഷണിയായി മാറിയ വിഷയത്തില്‍ പ്രസിഡന്റ് തന്നെ ഇടപെട്ടത് ആശ്വാസത്തോടെയാണ് രാജ്യത്തെ വെളുത്ത വംശജര്‍ നോക്കിക്കാണുന്നത്. എന്നാല്‍ എമേര്‍സണന്റെ ഇടപെടലുകള്‍ക്കെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് പ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പടെയുള്ളവര്‍ നടത്തുന്നത്. ജൂലൈ 30 ന് നടക്കുന്ന തെരഞ്ഞടുപ്പ് ലക്ഷ്യമിട്ട് എമേര്‍സണ്‍ നടത്തുന്ന നാടകം മാത്രമാണിതെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്.
മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയുടെ ഭരണകാലത്ത് രാജ്യത്ത് വംശീയ വിദ്വേഷം ശക്തിയാര്‍ജിച്ചതിനെ തുടര്‍ന്നാണ് സിംബാബ്‌വേയിലെ വെള്ളക്കാരുടെ കഷ്ടകാലം ആരംഭിച്ചത്.