മ്യാന്‍മാറില്‍ ഉന്‍മൂല നാശനം തുടരുന്നു; തീവ്രവാദവേട്ടയ്ക്കും പട്ടിണിക്കുമിടയില്‍ റോഹിങ്ക്യന്‍

rohingya

രാഖിനി: റോഹിങ്ക്യന്‍മാരെ ഉന്‍മൂലനാശനം ചെയ്യുന്ന നടപടി മ്യാന്‍മര്‍ ഭരണകൂടം ഇതുവരെ അവസാനിപ്പിച്ചിട്ടെല്ലെന്നും ഇപ്പോഴും തുടരുകയാണെന്നും യുഎന്‍ റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം സെക്രട്ടറി ജനറല്‍ ആന്‍ഡ്ര്യൂ ഗില്‍മറാണ് ഇക്കാര്യം അറിയിച്ചത്.

റോഹിങ്ക്യനുകള്‍ക്ക് നേരെയുള്ള വംശീയ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും, കോക്‌സ് ബസാറില്‍ താന്‍ കണ്ടതും കേട്ടതുമായ സംഭവങ്ങളാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. മ്യാന്‍മറില്‍ നിന്ന് രക്ഷപ്പെട്ട അഭയാര്‍ഥികള്‍ കഴിയുന്നത് തെക്കന്‍ ബംഗ്ലാദേശിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

പട്ടിണിയും തീവ്രവാദ വേട്ടയും കാരണം വലയുകയാണ് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍. ഇതില്‍ 70,000 ത്തോളം വരുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ അയല്‍ രാജ്യമായ ബംഗ്ലാദേശിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്.

അതേസമയം, റോഹിങ്ക്യന്‍ തീവ്രവാദികളോടു യുദ്ധം ചെയ്യുന്നതും, രാഖിനി സ്റ്റേറ്റിലെ സാധാരണക്കാരെ സൈന്യം വേട്ടയാടുകയാണെന്നുമുള്ള വാദത്തെ നിരുപാധികം തള്ളി കളഞ്ഞിരിക്കുകയാണ് മ്യാന്‍മര്‍ ഭരണകൂടം.

റോഹിങ്ക്യനുകളെ തിരിച്ചെടുക്കുന്നതിനായി ബംഗ്ലാദേശ് മ്യാന്‍മര്‍ ഭരണകൂടവുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിച്ച് സുരക്ഷ ഉറപ്പാക്കുകയാണ് ചെയ്തത്.

റോഹിങ്ക്യനുകള്‍ക്ക് സമീപ ഭാവിയിലൊന്നും സുരക്ഷിതത്വത്തോടെ രാഖിനിയിലേക്ക് തിരിച്ചുപൊകാന്‍ കഴിയില്ലെന്നും അവര്‍ ഒരിക്കലും അവിടെ സുരക്ഷിതരാവില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

Top