അബുദാബി: ഇന്ത്യയിലെ അഞ്ച് നഗരങ്ങളില്‍ നിന്ന് അബുദാബിയിലേക്ക് ഇത്തിഹാദ് എയര്‍വേയ്സ് ഇന്നു മുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കും. കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, ദില്ലി എന്നിവിടങ്ങളില്‍ നിന്നാണ് ഓഗസ്റ്റ് ഏഴു മുതല്‍ ഇത്തിഹാദ് എയര്‍വേയ്സ് സര്‍വീസുകള്‍ ഉണ്ടാകുക.
ഈ മാസം 10 മുതല്‍ അഹമ്മദാബാദ്, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ നിന്നും ഇത്തിഹാദ് സര്‍വീസുകള്‍ നടത്തും. ഓഗസ്റ്റ് പത്ത് മുതല്‍ അഹമ്മദാബാദ്, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ നിന്നും കറാച്ചി, ലാഹോര്‍, ഇസ്ലാമാബാദ്, ധാക്ക, കൊളംബോ എന്നീ വിമാനത്താവളങ്ങളില്‍ നിന്നുകൂടി അബുദാബി സര്‍വീസുകള്‍ തുടങ്ങുമെന്ന് ഇത്തിഹാദിന്റെ അറിയിപ്പില്‍ പറയുന്നു.
അബുദാബിയിലെത്തുന്ന യാത്രക്കാര്‍ക്ക് 10 ദിവസത്തെ ഹോം ക്വാറന്റീന്‍ നിര്‍ബന്ധമാണ്. ഇവര്‍ വിമാനത്താവളത്തില്‍ വെച്ചുതന്നെ ട്രാക്കിങ് ബാന്‍ഡ് ധരിക്കണം. അബുദാബിയിലെത്തിയതിന്റെ നാലാം ദിവസവും എട്ടാം ദിവസവും പി.സി.ആര്‍ പരിശോധന നടത്തുകയും വേണം. യാത്രയ്ക്ക് ഐ.സി.എ അനുമതിയും 48 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പരിശോധനയുടെ നെഗറ്റീവ് ഫലവും നിര്‍ബന്ധമാണ്.
രണ്ട് ഡോസ് കൊവിഡ് വാക്‌സിനും യുഎഇയില്‍ നിന്ന് തന്നെ സ്വീകരിച്ച, സാധുതയുള്ള യുഎഇ താമസ വിസയുള്ളവര്‍ക്കാണ് പ്രവേശനം അനുവദിക്കുക. കൊവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് കുറഞ്ഞത് 14 ദിവസമെങ്കിലും കഴിഞ്ഞിരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. വാക്സിന്‍ സ്വീകരിച്ചെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും കൈവശം ഉണ്ടായിരിക്കണം.
യുഎഇയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ടെക്നീഷ്യന്‍സ് എന്നിവരുള്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, യുഎഇയിലെ യൂണിവേഴ്സിറ്റികള്‍, കോളേജുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, യുഎഇയിലെ വിദ്യാര്‍ത്ഥികള്‍, മാനുഷിക പരിഗണന നല്‍കേണ്ടവരില്‍ സാധുവായ താമസവിസയുള്ളവര്‍, ഫെഡറല്‍, ലോക്കല്‍ ഗവണ്‍മെന്റ് ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട എല്ലാവര്‍ക്കും ഓഗസ്റ്റ് അഞ്ച് മുതല്‍ യുഎഇയിലേക്ക് മടങ്ങാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.
ഇവരില്‍ വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്കും രാജ്യത്തേക്ക് തിരികെയെത്താം. ദുബൈയില്‍ നടക്കാനിരിക്കുന്ന എക്‌സ്‌പോ 2020ല്‍ പങ്കെടുക്കുന്നവര്‍, എക്‌സിബിറ്റര്‍മാര്‍, പരിപാടികളുടെ സംഘാടകര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്കും യുഎഇയിലേക്ക് അനുമതി നല്‍കിയിട്ടുണ്ട്.