ജലന്ധര്‍ അക്രമത്തില്‍ നടപടി വേണം ; പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

തിരുവനന്തപുരം : ജലന്ധര്‍ ബിഷപ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരേ നടന്ന ആക്രമണത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന്‍, പ്രസിഡന്റ് കമാല്‍ വരദൂര്‍ എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.

അന്യദേശത്ത് മലയാളി മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് ഏറെ ഉല്‍കണ്ഠാകുലമാണെന്നും വിശ്വാസ ഗുണ്ടായിസമാണ് ഇതിന്റെ പിന്നിലെന്നത് കൂടുതല്‍ ആശങ്കയുളവാക്കുന്നുവെന്നും നിവേദനത്തില്‍ പറയുന്നു.

നിവേദനത്തിന്റെ പൂര്‍ണ്ണരൂപം:

ശ്രീ. പിണറായി വിജയന്‍
ബഹു. മുഖ്യമന്ത്രി
കേരളം.
ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്,
ജലന്ധറില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ ലൈംഗികപീഢനവുമായി ബന്ധപ്പെട്ട് വാര്‍ത്താ ശേഖരണത്തിനായി എത്തിയ മാധ്യമ പ്രവര്‍ത്തകരെ ബിഷപ്പിന്റെ സംരക്ഷക വൃന്ദത്തെക്കൊണ്ട് ആക്രമിപ്പിച്ച് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ശക്തമായ നടപടികള്‍ക്കായി ഇടപെടണമെന്ന് അങ്ങയോട് അഭ്യര്‍ഥിക്കുന്നു. അന്യദേശത്ത് മലയാളി മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് ഏറെ ഉല്‍കണ്ഠാകുലമാണ്. വിശ്വാസ ഗുണ്ടായിസമാണ് ഇതിന്റെ പിന്നിലെന്നത് കൂടുതല്‍ ആശങ്കയുളവാക്കുന്നു.
ഏഷ്യാനെറ്റിന്റെ ക്യാമറമാന്‍ ഉള്‍പ്പെടെ ബിഷപ്പ് ഹൗസില്‍ ആക്രമിക്കപ്പെട്ടു. ബിഷപ്പിന്റെ ചിത്രം പകര്‍ത്താന്‍ അനുവദിച്ചില്ല എന്നു മാത്രമല്ല, ക്യാമറ തല്ലിത്തകര്‍ക്കുകയും ചെയ്തു. മനോരമ, മാതൃഭൂമി പത്രങ്ങളുടെ ലേഖകരും മീഡിയ വണ്‍ ജേര്‍ണലിസ്റ്റും ആക്രമിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പഞ്ചാബ് പോലീസ് നിഷ്‌ക്രിയരായി നിന്നു. കേരളാ പോലീസും മാധ്യമ പ്രവര്‍ത്തകര്‍ക്ക് തുണയായില്ല. ബിഷപ്പ് ഹൗസിനകത്ത് മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞുവെച്ചു. അവരെ വിട്ടയക്കാന്‍ നടപടി സ്വീകരിക്കാന്‍ പഞ്ചാബ് പോലീസ് തയ്യാറായില്ല.
അന്യ ദേശത്ത് മലയാളി മാധ്യമ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യപ്പെട്ട കാര്യത്തില്‍ ശക്തമായ നടപടിക്ക് കേരള സര്‍ക്കാര്‍ പഞ്ചാബ് പോലീസിനോട് ആവശ്യപ്പെടണം. ജലന്ധറില്‍ ക്യാമ്ബ് ചെയ്യുന്ന കേരള പോലീസ് ഉന്നതര്‍ അടിയന്തിരമായി ഇടപെടണം. ജലന്ധറില്‍ ജോലിക്കെത്തിയിട്ടുള്ള മാധ്യമ പ്രവര്‍ത്തകരുടെ സംരക്ഷണത്തിന് മുഖ്യമന്ത്രി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
സി നാരായണന്‍ (ജനറല്‍ സെക്രട്ടറി, കേരള പത്രപ്രവര്‍ത്തക യൂണിയന്‍),
കമാല്‍ വരദൂര്‍ (പ്രസിഡണ്ട്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍).

Top