ലണ്ടന്‍: ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുമോ എന്നറിയാന്‍ ഇനി നാളുകള്‍ മാത്രം ബാക്കി. ഇതുസംബന്ധിച്ച ഹിതപരിശോധന ജൂണ്‍ 23ന് നടത്താന്‍ ഇന്നലെ ചേര്‍ന്ന പ്രത്യേക ക്യാബിനറ്റ് യോഗം.
വെള്ളി, ശനി ദിവസങ്ങളില്‍ ബ്രസല്‍സില്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ ബ്രിട്ടണ് പ്രത്യേക പദവി അനുവദിച്ചു കിട്ടിയെന്ന അവകാശവാദവുമായി ലണ്ടനില്‍ മടങ്ങിയെത്തിയ കാമറൂണ്‍ ഉച്ചകോടിയില്‍ വാദിച്ചുനേടിയ പ്രത്യേക അവകാശങ്ങളും പുതിയ ഉടമ്പടി വ്യവസ്ഥകളും വിവരിച്ചുകൊണ്ടാണ് ഹിതപരിശോധനാ തീരുമാനം പ്രഖ്യാപിച്ചത്. തിങ്കളാഴ്ച ഈ തീരുമാനം അദ്ദേഹം പാര്‍ലമെന്റില്‍ വിശദീകരിക്കും.
പരിഷ്‌കരിച്ച വ്യവസ്ഥകള്‍ അംഗീകരിച്ച് യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്നുള്ള നിലപാട് കാബിനറ്റ് അംഗീകരിച്ചതായും ഇതിനായി മനസും ശരീരവും അര്‍പ്പിച്ച് പ്രചാരണത്തിനുറങ്ങുമെന്നും കാമറൂണ്‍ വ്യക്തമാക്കി. പുതിയ ഉടമ്പടി പ്രകാരമുള്ള യൂണിയനില്‍ തുടരുന്നതു രാജ്യത്തെ കൂടുതല്‍ സുരക്ഷിതവും ശക്തവും സംതൃപ്തവുമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്യന്‍ യൂണിയനില്‍ നിലനില്‍ക്കാനുള്ള പ്രചാരണത്തിന് പ്രധാനമന്ത്രി നേരിട്ടു നേതൃത്വം നല്‍കുമ്പോഴും ക്യാബിനറ്റിലെ പ്രമുഖരായ അഞ്ചു മന്ത്രിമാരുള്‍പ്പെടെ അറുപതിലേറെ ഭരണകക്ഷി എംപിമാര്‍ സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുമെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. ഹിതപരിശോധനയായതിനാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനം ഉണ്ടാകില്ല. സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുന്ന മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും സ്വന്തം നിലയില്‍ പ്രചാരണത്തിന് എല്ലാ സ്വാതന്ത്ര്യവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
യൂറോപ്യന്‍ യൂണിയനിലെ 28 രാഷ്ട്രത്തലവന്മാരും പങ്കെടുത്ത ബ്രസല്‍സിലെ ഉച്ചകോടിയില്‍ 30 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചയിലാണ് ബ്രിട്ടണ് യൂണിയനുള്ളില്‍ പ്രത്യേക അധികാരങ്ങള്‍ നല്‍കാന്‍ ഉടമ്പടിയായത്.
പല അംഗരാജ്യങ്ങള്‍ക്കും ഇക്കാര്യത്തില്‍ ശക്തമായ എതിര്‍പ്പുണ്ടായിരുന്നെങ്കിലും യൂണിയന്റെ നിലനില്‍പിനും പ്രസക്തിക്കും ബ്രിട്ടന്റെ സാന്നിധ്യം അനിവാര്യമായതിനാല്‍ ഒടുവില്‍ ഇവര്‍ സമ്മതം മൂളുകയായിരുന്നു. ഹിതപരിശോധനയില്‍ അനുകൂല വിധിയുണ്ടാകണമങ്കില്‍ പ്രത്യേക അവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന പരിഷ്‌കരിച്ച ഉടമ്പടി അനിവാര്യമാണെന്ന് കാമറൂണ്‍ ചര്‍ച്ചയിലുടനീളം ശക്തമായ നിലപാടെടുത്തു.