യൂറോ കപ്പ്; ഇന്ന് ബെല്‍ജിയം-പോര്‍ച്ചുഗല്‍ പോരാട്ടം

സെവിയ്യ: യൂറോ കപ്പ് ക്വാര്‍ട്ടറില്‍ ഇറ്റലിയുടെ എതിരാളികള്‍ ആരെന്ന് ഇന്നറിയാം. ടൂര്‍ണമെന്റിലെ സൂപ്പര്‍ പോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയം നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനെ നേരിടും. രാത്രി 12.30നാണ് പോരാട്ടം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും റൊമേലു ലുക്കാക്കുവും നേര്‍ക്കുനേര്‍ വരുന്ന മത്സരമാണിത്.

ചരിത്രം തിരുത്തുന്ന മത്സരമാണ് ബെല്‍ജിയത്തിന്റെയും പോര്‍ച്ചുഗലിന്റേയും ആരാധകര്‍ ഒരേസമയം കാത്തിരിക്കുന്നത്. ബെല്‍ജിയം ജയിച്ചാല്‍ 32 വര്‍ഷത്തെ കാത്തിരിപ്പിനാണ് വിരാമമാവുക. പോര്‍ച്ചുഗലിനെതിരെ മൂന്ന് പതിറ്റാണ്ട് കാത്തിരുന്ന് നേടുന്ന ജയം. പോര്‍ച്ചുഗല്‍ ആരാധകര്‍ ജയത്തിനൊപ്പം ആഗ്രഹിക്കുന്നത് റൊണാള്‍ഡോയുടെ ഒരു ഗോള്‍ കൂടിയാണ്. അന്താരാഷ്ട്ര ഗോള്‍ വേട്ടക്കാരില്‍ ഒറ്റയ്ക്ക് മുന്നിലെത്താന്‍ റോണോയ്ക്ക് ഒരു ഗോള്‍ കൂടി വേണം.

യൂറോയ്ക്ക് മുന്‍പൊരു സൗഹൃദ മത്സരത്തിലാണ് ഇരുടീമും അവസാനം നേര്‍ക്കുനേര്‍ വന്നത്. ഗോളടിക്കാന്‍ മറന്ന് പോയൊരു സമനിലയായിരുന്നു ഫലം. 2020ലെ യുവേഫ നേഷന്‍സ് കപ്പ് മത്സരത്തില്‍ ഇംഗണ്ടിനോട് തോറ്റതില്‍ പിന്നെ അപരാജിത കുതിപ്പാണ് ബെല്‍ജിയം നടത്തുന്നത്. തോല്‍വിയറിയാതെ 12 മത്സരങ്ങള്‍. അതില്‍ പത്തിലും ജയം. യൂറോയിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇറ്റലിയെയും നെതര്‍ലന്‍ഡിനെയും പോലെ എല്ലാ മത്സരവും ജയിച്ച് കയറി.

അതേസമയം മരണഗ്രൂപ്പില്‍ ഫ്രാന്‍സിനോട് സമനില പിടിച്ചതോടെ അടുത്ത റൗണ്ടിലേക്ക് ജീവന്‍ നീട്ടിയെടുക്കുകയായിരുന്നു പോര്‍ച്ചുഗല്‍. സ്ഥിരതയില്ലായ്മ പ്രശ്‌നമാണ്. അവസാന അഞ്ച് കളികളില്‍ രണ്ടില്‍ മാത്രമാണ് പോര്‍ച്ചുഗലിന് ജയിക്കാനായത്. യൂറോയില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിന് ചെക്ക് റിപ്പബ്ലിക് ആണ് എതിരാളികള്‍. രാത്രി 9.30നാണ് മത്സരം.

 

Top