സെന്റ് പീറ്റേഴ്സ്ബര്‍ഗ്: യൂറോ കപ്പില്‍ ഇന്നത്തെ ആദ്യ മത്സരം സ്വീഡനും സ്ലൊവാക്യയും തമ്മിലാണ്. ജയിച്ചാല്‍ സ്ലൊവാക്യ പ്രീ ക്വാര്‍ട്ടറിലെത്തും. രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യ ചെക് റിപ്പബ്ലിക്കിനെ നേരിടും. ജയിച്ചാല്‍ ചെക് റിപ്പബ്ലിക്കിനും രണ്ടാം റൗണ്ടില്‍ കടക്കുക എളുപ്പമാകും.
റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ പോളണ്ടിനെ തോല്‍പ്പിച്ചെത്തുകയാണ് സ്ലൊവാക്യ. സ്റ്റീഫന്‍ ടകോവിച്ചിന്റെ സംഘത്തിന്റേത് സ്വപ്നതുല്യമായ തുടക്കം. തോല്‍വിയറിയാത്ത തുടര്‍ച്ചയായ ആറാം മത്സരമായിരുന്നു പോളണ്ടിനെതിരെ സ്ലൊവാക്യയുടേത്. സ്വീഡനെതിരെ ജയം ആവര്‍ത്തിച്ച് പ്രീ ക്വാര്‍ട്ടറിലേക്ക് ഏറെക്കുറെ ടിക്കറ്റ് ഉറപ്പിക്കുക തന്നെ സ്ലൊവാക്യയുടെ ലക്ഷ്യം.
അവസാന ഗ്രൂപ്പ് മത്സരത്തിലെ എതിരാളികള്‍ സ്പെയിന്‍ എന്നത് തന്നെ കാരണം. പന്ത് കാലിലധികം കിട്ടിയില്ലെങ്കിലും സ്പെയിനിനെ ഗോളടിക്കാന്‍ വിടാതെ സമനില പിടിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സ്വീഡന്‍. അമിത പ്രതിരോധമെന്ന തന്ത്രം സ്ലൊവാക്യക്കെതിരെ കോച്ച് ജെയ്ന്‍ ആന്‍ഡേഴ്‌സണ്‍ മാറ്റിപ്പിടിച്ചേക്കും.