europe migrant

ഏതന്‍സ്: യൂറോപ്പിലേക്ക് ഈ വര്‍ഷം 10 ലക്ഷം അഭയാര്‍ഥികള്‍ എത്തിയതായി റിപ്പോര്‍ട്ട്. കുടിയേറ്റത്തിനായുള്ള അന്താരാഷ്ട്ര ഏജന്‍സിയുടേതാണ് റിപ്പോര്‍ട്ട്.

കണക്കനുസരിച്ച് 1,005,504 അഭയാര്‍ഥികളാണ് എത്തിയത്. ഇതില്‍ 971,289 പേര്‍ കടല്‍ മാര്‍ഗവും 34,215 പേര്‍ കരമാര്‍ഗവുമാണ് എത്തിയത്. 2014 ല്‍ ഇത് 219,000 ആയിരുന്നു.

കടല്‍മാര്‍ഗം യാത്രചെയ്തവരില്‍ 3,695 പേര്‍ മുങ്ങിമരിക്കുകയോ അല്ലങ്കില്‍ അവരെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ലെന്നും ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതില്‍ 800,000 പേരും തുര്‍ക്കി വഴി ഗ്രീസിലെത്തി അവിടെ നിന്നാണ് മറ്റ് രാജ്യങ്ങളിലേക്ക് എത്തിപ്പെട്ടത്. ബാക്കിയുള്ളവര്‍ ബള്‍ഗേറിയ, ഇറ്റലി, സ്‌പെയിന്‍, മാള്‍ട്ട, സൈപ്രസ് എന്നീ രാജ്യങ്ങള്‍ വഴിയാണ് എത്തിയത്.

സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അഭയാര്‍ഥികളില്‍ ഭൂരിപക്ഷവും. 455,000 പേര്‍ സിറിയയില്‍ നിന്നും 186,000 പേര്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുമാണ്.

സിറിയ, ഇറാഖ്, അഫ്ഗാനിസ്താന്‍ പുറമേ എറിത്രിയ ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍രാജ്യങ്ങളില്‍ നിന്നും ആഭ്യന്തരയുദ്ധങ്ങള്‍മൂലമാണ് ജനങ്ങള്‍ രാജ്യംവിടുന്നത്. സിറിയയില്‍നിന്ന് തുര്‍ക്കി, ഗ്രീസ്, മാസിഡോണിയ, സെര്‍ബിയ വഴിയാണ് ഭൂരിഭാഗവും ഹംഗറിയിലെത്തുന്നത്. ഇവിടെനിന്ന് ഓസ്ട്രിയയും ജര്‍മനിയും ലക്ഷ്യമിട്ട് നീങ്ങുന്നു.

Top