ബ്രസല്‍സ്: എഐ നിയന്ത്രണം ഏര്‍പ്പെടുത്തിയുള്ള സുപ്രധാന നിയമം കൊണ്ടുവരാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു. 38 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ‘എഐ നിയമ’വുമായി മുന്നോട്ടുപോകാന്‍ യൂറോപ്യന്‍ യൂണിയന്‍ ജനപ്രതിനിധികളും നയരൂപീകരണച്ചുമതലയുളള നേതാക്കളും ധാരണയിലെത്തിയത്. നിര്‍മിത ബുദ്ധിയെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്- എഐ) നിയമാനുസൃതം മെരുക്കാനുള്ള ഇയു ശ്രമം ലോകത്ത് ആദ്യത്തേതാണ്. മനുഷ്യരാശിക്കു വിശ്വസിക്കാവുന്ന വിധം എഐയെ വികസിപ്പിക്കാനുള്ള നിയമചട്ടക്കൂടായിരിക്കും ഇതെന്ന് യൂറോപ്യന്‍ യൂണിയന്‍ അധ്യക്ഷ ഉര്‍സുല വൊണ്‍ദെര്‍ ലയെന്‍ പറഞ്ഞു.
ബയോമെട്രിക് നിരീക്ഷണ സംവിധാനങ്ങള്‍ക്കായി സര്‍ക്കാരുകള്‍ എഐയെ പ്രയോജനപ്പെടുത്തുന്നതിനുള്‍പ്പെടെ മാര്‍ഗരേഖകളാണ് നിയമത്തിലുള്ളത്. എഐ ഉപയോഗിച്ചുള്ള ബഹുവിഷയ സഹായിയായ ചാറ്റ്ജിപിടിക്കു മേലും നിയന്ത്രണം വരും.
ചാറ്റ്ജിപിടിയും മറ്റു പൊതു എഐ സംവിധാനങ്ങളും വിപണിയിലെത്തിക്കുംമുന്‍പ് സുതാര്യതാ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണമെന്നാണ് ഇയു നിയമത്തിലുള്ളത്. ഇയുവിന്റെ കോപ്പിറൈറ്റ് നിയമങ്ങള്‍ പാലിക്കണമെന്നും എഐയെ പരിശീലിപ്പിക്കാനായി ഉപയോഗിച്ച ഉള്ളടക്കത്തിന്റെ വിശദമായ വിവരണം കൈമാറണമെന്നും നിര്‍ദേശമുണ്ട്. ഭീകരവാദം പോലെ ഏറെ ഗൗരവമുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടു മാത്രമേ സര്‍ക്കാരുകള്‍ തല്‍സമയ ബയോമെട്രിക് നിരീക്ഷണം പ്രയോജനപ്പെടുത്താന്‍ പാടുള്ളൂ.