ലോകത്തിലെ ആദ്യ ഫ്‌ളൈയിംഗ് ടാക്‌സികളൊരുക്കാന്‍ യൂറോപ്പ്

ലോകത്തിലെ ആദ്യ ഫ്‌ളൈയിംഗ് ടാക്‌സികളൊരുക്കാനൊരുങ്ങി യൂറോപ്പ്. 2024 ല്‍ തന്നെ സര്‍വീസ് നടത്തുമെന്ന് മേഖലയിലെ മികച്ച ഏവിയേഷന്‍ റെഗുലേറ്റര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ ഗതാഗത സൗകര്യം സുഗമമാക്കാന്‍ വേണ്ടിയാണ് യൂറോപ്പ് ഇത്തരത്തിലൊരു മുന്നേറ്റം നടത്താനൊരുങ്ങുന്നത്. നിലവില്‍ ആറിലധികം യൂറോപ്യന്‍ സ്ഥാപനങ്ങള്‍ യാത്രക്കാരുടെ ഉപയോഗത്തിനായോ അല്ലെങ്കില്‍ മെഡിക്കല്‍ സപ്ലൈകള്‍ വിതരണം ചെയ്യുന്നതിനായോ അര്‍ബന്‍ എയര്‍ മൊബിലിറ്റി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

യൂറോപ്പില്‍ എയര്‍ ടാക്‌സികളുടെ വാണിജ്യപരമായ ഉപയോഗം 2024 അല്ലെങ്കില്‍ 2025 ല്‍ ആരംഭിക്കാനാകുമെന്ന് വിശ്വസിക്കുന്നെന്ന് യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി (ഈസ) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പാട്രിക് കൈ പറഞ്ഞു. യാത്രക്കാര്‍ക്കായി പൈലറ്റ് ചെയ്ത വാഹനങ്ങളും ചരക്ക് ഡെലിവറികള്‍ക്കായി പൈലറ്റ് ചെയ്യാത്തവയും സര്‍വീസിനായി ഒരുക്കാനാണ് ഈസ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ വിഭാഗത്തില്‍ പൂര്‍ണമായും ഓട്ടോണോമസായ വാഹനങ്ങള്‍ക്ക് ഇനിയും കുറേ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്ന് പാട്രിക് കൈ പറഞ്ഞു.

യൂറോപ്പിലെ അര്‍ബന്‍ എയര്‍ മൊബിലിറ്റി വിപണിയില്‍ 2030 ഓടെ 4.2 ബില്ല്യണ്‍ യൂറോയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. 90,000 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്ന് ഈസ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ പുതിയ സാങ്കേതികവിദ്യയുടെ ആഗോള വിപണിയുടെ 31 ശതമാനവും യൂറോപ്പിലാണ്.

Top