ബ്രസല്‍സ്: ഗസ്സയിലേക്ക് സഹായമെത്തിക്കാന്‍ മാനുഷിക ഇടനാഴി തുറക്കണമെന്ന് യുറോപ്യന്‍ യൂണിയന്‍. ഗസ്സയിലെ ആക്രമണം താല്‍കാലികമായി നിര്‍ത്തി ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും മരുന്നുകളും എത്തിക്കണമെന്നും യുറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു.
രണ്ട് ദിവസം നടന്ന സമ്മേളനത്തിനൊടുവിലാണ് ഇക്കാര്യത്തില്‍ യുറോപ്യന്‍ യൂണിന്റെ ഔദ്യോഗിക പ്രസ്താവന പുറത്ത് വന്നത്. 27 ഇ.യു അംഗങ്ങളും പ്രസ്താവനയെ അനുകൂലിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രിയാണ് പ്രസ്താവനയില്‍ അന്തിമ ധാരണയായത്.
വെടിനിര്‍ത്തല്‍ എന്നത് പ്രസ്താവനയില്‍ വേണമെന്ന അഭിപ്രായമറിയിച്ച സ്പെയിനുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമാണ് ഇക്കാര്യത്തില്‍ അന്തിമ ധാരണയായത്. ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്നത്തില്‍ സമാധാനത്തിനായി രണ്ട് രാജ്യങ്ങളെന്ന നിര്‍ദേശം യുറോപ്യന്‍ യൂണിയനും അംഗീകരിക്കുകയാണെന്ന് പ്രസ്താവന വ്യക്തമാക്കി.
എല്ലാ സിവിലിയന്‍മാരേയും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ അനുസരിച്ച് സംരക്ഷിക്കണമെന്നും യുദ്ധത്തിനിടെ സിവിലിയന്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെടരുതെന്നും യുറോപ്യന്‍ യൂണിയന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഗസ്സയിലെ സാധാരണ ജനങ്ങളുടെ അവസ്ഥയില്‍ യുറോപ്യന്‍ കൗണ്‍സില്‍ കടുത്ത ആശങ്കയും പ്രകടിപ്പിച്ചു.