പലസ്തീന്‍ സംഘടനകളെ തീവ്രവാദ ഗ്രൂപ്പുകളായി പ്രഖ്യാപിച്ചതില്‍ അഞ്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ ഇസ്രായേലിനോട് വിശദീകരണം തേടും

ഗസ: ഇസ്രയേല്‍ ആറ് പലസ്തീന്‍ സിവില്‍ സൊസൈറ്റി സംഘടനകളെ തീവ്രവാദ ഗ്രൂപ്പുകളായി പ്രഖ്യാപിച്ചതില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച് അഞ്ച് യൂറോപ്യന്‍ രാജ്യങ്ങള്‍. യുഎന്‍ ആസ്ഥാനത്ത് ചേര്‍ന്ന സുരക്ഷ കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് എസ്റ്റോണിയ, ഫ്രാന്‍സ്, അയര്‍ലന്‍ഡ്, നോര്‍വേ, അല്‍ബേനിയ എന്നീ രാജ്യങ്ങള്‍ ഉത്കണ്ഠ പ്രകടിപ്പിച്ചത്. സംഘടനകളെ തീവ്രവാദ ഗ്രൂപ്പുകളാക്കി പ്രഖ്യാപിച്ചതിനുള്ള കാരണങ്ങളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇസ്രയേല്‍ അധികാരില്‍ നിന്ന് തേടുമെന്നും രാജ്യങ്ങള്‍ അറിയിച്ചു.

തിങ്കളാഴ്ച നടന്ന യോഗത്തിന് ശേഷം 15 അംഗ സുരക്ഷ കൗണ്‍സില്‍ ഇസ്രയേലിന്റെ പ്രഖ്യാപനത്തിനെതിരെ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. എന്നാല്‍ യോഗത്തിന് ശേഷം അഞ്ച് രാജ്യങ്ങള്‍ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഇസ്രയേലിന്റെ നടപടി സംഘടനകള്‍ക്ക് രാഷ്ട്രീയവും നിയമപരവും സാമ്പത്തികവുമായ കാര്യങ്ങളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് പറയുന്നു. ജനുവരിയില്‍ അഞ്ച് രാജ്യങ്ങളും കൗണ്‍സില്‍ യോഗം ചേരാനിരിക്കെയാണ് പ്രസ്താവന.

സംഭവത്തില്‍ ഇസ്രയേല്‍ നല്‍കിയ വിവരങ്ങള്‍ വിശദമായി പഠിക്കുമെന്നും രാജ്യങ്ങള്‍ അറിയിച്ചു.പരിഷ്‌കൃത സമൂഹം അനിവാര്യം പരിഷ്‌കൃത സമൂഹവും മൗലിക സ്വാതന്ത്ര്യങ്ങളോടുള്ള ആദരവും ജനാധിപത്യത്തിന്റെ അടിസ്ഥാനമാണെന്ന് സുരക്ഷ കൗണ്‍സില്‍ യോഗത്തിന് ശേഷം എസ്റ്റോണിയയുടെ യുഎന്‍ അംബാസഡര്‍ സ്വെന്‍ ജര്‍ഗന്‍സണ്‍ പറഞ്ഞു.

ഇസ്രയേല്‍, പലസ്തീന്‍ എന്നീ രാജ്യങ്ങളുള്‍പ്പെടെയുള്ളവയുടെ ഭരണത്തിനും മനുഷ്യാവകാശങ്ങള്‍, അന്താരാഷ്ട്ര നിയമം ജനാധിപത്യ മൂല്യങ്ങള്‍ എന്നിവയ്ക്ക് പരിഷ്‌കൃത സമൂഹം അത്യന്താപേക്ഷിതമാണെന്നും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം പുലര്‍ത്താനും പരിഷ്‌കൃത സമൂഹം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മാസമാണ് ആറ് പലസ്തീന്‍ മനുഷ്യാവകാശ സംഘടനകളെ ഇസ്രയേല്‍ തീവ്രവാദ ഗ്രൂപ്പുകളായി പ്രഖ്യാപിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച സംഘടനകള്‍ അര നൂറ്റാണ്ടിലേറെയായുള്ള ഇസ്രയേലിന്റെ സൈനിക അധിനിവേശത്തെ വിമര്‍ശിക്കുന്നവരെ കബളിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്ന് ആരോപിച്ചു.

 

Top